Connect with us

Articles

ഉണരണം, കാര്‍ഷിക കേരളം

Published

|

Last Updated

മഴയുടെ കൊടുംതണുപ്പില്‍ കരിമ്പടപ്പുതപ്പിന്റെ ചൂടുപേക്ഷിച്ച് അയാള്‍ മക്കളോടൊപ്പം വയലിലേക്കുചെന്നു. വിയര്‍ത്തു തുടങ്ങുമ്പോള്‍ ഒന്നു നടുനിവര്‍ത്തി ക്ഷീണം മാറ്റി. അതുവരെ കണ്ടുനിന്നതിന്റെ യുക്തിയില്‍ കിളച്ചിട്ട ചെളിയില്‍ ചവിട്ടി മക്കളോരോരുത്തരും മണ്ണിനെ കൊത്തിമറിച്ചിട്ടു. വെയില്‍ പൊള്ളിക്കുമ്പോള്‍ വയല്‍ നിലം വെട്ടിമുറിക്കുന്ന അവര്‍ക്കായി കഞ്ഞിയും കൂട്ടാനുമായി അമ്മയെത്തും. പകലറുതിയില്‍ നെറ്റിത്തടത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ ചൂണ്ടുവിരലാല്‍ ചീന്തിയെറിഞ്ഞ് അച്ഛനും മക്കളും തോട്ടിലെ തെളിനീരില്‍ സമൃദ്ധമായി മുങ്ങി നിവരും……
ഗ്രാമീണതയുടെ ജീവതേജസ്സായി സമൃദ്ധിയുടെ ഹൃദയതാളമായി പാടത്തും പറമ്പിലും നിറഞ്ഞുനിന്നിരുന്ന പഴയ ഗ്രാമീണ കര്‍ഷകന്റെ ചിത്രം ഇങ്ങനെയൊക്കെയായിരുന്നു. മണ്ണും കൃഷിയും ലാഭമുണ്ടാക്കാനുള്ള വഴി മാത്രമല്ലെന്നും ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നും ജീവിതം കൊണ്ട് കാട്ടിത്തന്നവരായിരുന്നു പഴയ ഗ്രാമീണ കര്‍ഷകര്‍. എന്നാല്‍ ഇവര്‍ അന്യം നിന്നുപോയേക്കാവുന്ന ഒരു സംസ്‌കൃതിയുടെ ജാതകച്ചാര്‍ത്ത് മാത്രമായി എന്തുകൊണ്ട് അവശേഷിച്ചുപോയി. എപ്പോഴെങ്കിലും ആരെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ആധുനികതയുടെ കളിക്കളങ്ങളില്‍ ചുവടുകള്‍ നഷ്ടമായ കര്‍ഷകന്റെ നെടുവീര്‍പ്പുകള്‍ക്ക് ആരാണ് ചെവികൂര്‍പ്പിച്ചത്. ഉത്തരം നമുക്ക് മുന്നില്‍ തൂങ്ങിയാടുന്നതിനാല്‍ എളുപ്പം വായിച്ചെടുക്കാനാകും. മണ്ണിനെ ഇല്ലാതാക്കിയതിനൊപ്പം കര്‍ഷകനെ തൂത്തുമായ്ച്ച് കളഞ്ഞതിന് വര്‍ത്തമാന സമൂഹത്തിന് ചെറുതല്ലാത്ത പങ്കുതന്നെയുണ്ട്.
കാലഹരണപ്പെട്ട ഒരു നാടന്‍ കലാരൂപത്തിന്റെ കര്‍മസാക്ഷിയായി മാത്രം കര്‍ഷകനെ ഒതുക്കിനിര്‍ത്തിയത് നമ്മുടെ “വെള്ളക്കോളര്‍” മനസ്സ് തന്നെയാണ്. സ്വതന്ത്ര ഭാരതത്തില്‍ അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട കര്‍ഷകന്‍ ഇപ്പോഴും കൗതുക വസ്തുവാണ്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്കൊന്നും കര്‍ഷകന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. സ്വന്തം കുടുംബത്തേക്കാളുപരി നാടിനെയും നാട്ടുകാരെയും ഊട്ടാന്‍ അവിരാമം പണിയെടുക്കുന്ന കര്‍ഷകന്റെ ആവലാതികള്‍ക്ക് മുന്നില്‍ പല്ലിളിച്ച് കാട്ടി അധികാരി വര്‍ഗം വീണ്ടും വീണ്ടും അവനെ ചൂഷണം ചെയ്തു. വഴിമാറിയ മഴമേഘങ്ങള്‍ കരളില്‍ കണ്ണീരായി പെയ്തിറങ്ങിയാലും അത്യധ്വാനം ചെയ്ത് വിപണിയിലെത്തിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലനല്‍കാതെ പരിഹസിച്ച് കര്‍ഷകനെ പിന്തള്ളിയ ഭരണവര്‍ഗം ഒടുവില്‍അവനെ മരണത്തിലേക്കും നിഷ്‌ക്കരുണംതള്ളിവിട്ടു .
ഞാറ്റു പച്ചയുടെ കടലിരമ്പുന്ന കേരളത്തിലെ നെല്‍വയലുകള്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോവുമ്പോള്‍ നിലവിലുള്ള നിയമം പോലും നടപ്പാക്കാനാവാതെ മാറി മാറി വന്ന സര്‍ക്കാറുകള്‍ കൈമലര്‍ത്തി. കേരളത്തില്‍ നെല്‍കൃഷി ഇല്ലാതായതിലും നെല്‍വയലുകള്‍ നികത്തുന്നതിലും ഏതെങ്കിലും കര്‍ഷകന് കേരളത്തില്‍ എതിര്‍പ്പുണ്ടോയെന്ന് ആരും ഇതുവരെ ചോദിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ക്കും വികസനം വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ സര്‍ക്കാറിന് നെല്‍കൃഷിയും നെല്‍പ്പാടവും വേണമെന്ന് നിര്‍ബന്ധവുമില്ല.
കേരളത്തിലെ നെല്‍ കര്‍ഷകരില്‍ നേരത്തെ 98 ശതമാനവും അരയേക്കറും ഒരേക്കറും രണ്ടേക്കറുമുള്ള ചെറുകിട കര്‍ഷകരായിരുന്നു. കേരളത്തിന്റെ 14 ജില്ലകളിലും പ്രത്യേകിച്ച് ഹൈറേഞ്ചുകളായ ഇടുക്കിയും വയനാടും ഉള്‍പ്പെടെ നെല്‍കൃഷി സജീവമായിരുന്നു അന്ന്. എന്നാല്‍ ഭൂമാഫിയ മണ്ണില്‍ കണ്ണുവെച്ച് കൃഷി വലിയ നഷ്ടക്കച്ചവടമാണെന്ന് ബോധ്യപ്പെടുത്തി പാവപ്പട്ട കര്‍ഷകരില്‍ നിന്ന് മണ്ണ് പിടിച്ചുവാങ്ങുകയായിരുന്നു. എല്ലായിടത്തുനിന്നും മണ്ണ,് റിയല്‍ എസ്റ്റേറ്റ് ലോബികള്‍ പിടിച്ചുവാങ്ങിയതോടെ കൃഷിയിടത്തിന്റെ വിസ്തൃതി വലിയ തോതിലാണ് കുറഞ്ഞത്.
മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ഹെക്ടര്‍ നിലം ഇങ്ങനെ ഇല്ലാതായതായി . ഓരോ വര്‍ഷവും ചെറുതല്ലാത്ത വിധത്തില്‍ നെല്‍വയലിന്റെ വിസ്തൃതി കുറഞ്ഞുവന്നു.1991ല്‍ കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വിസ്തീര്‍ണം ഏകദേശം ഒമ്പത് ലക്ഷം ഹെക്ടര്‍ ആയിരുന്നു.കൃഷിയിടത്തിന്റെ വിസ്തൃതി വലിയ തോതില്‍ കുറഞ്ഞുതുടങ്ങിയതോടെയാണ് കൃഷിക്കാരുടെ വംശനാശവും തുടങ്ങിയത്. 1971ല്‍ 17 ശതമാനമായിരുന്ന കൃഷിക്കാരുടെയെണ്ണം രണ്ടരപതിറ്റാണ്ട് പിന്നിടുമ്പോഴേക്കും പത്ത് ശതമാനമായി ചുരുങ്ങി. കൃഷിക്കാരന്‍ എന്നുപറഞ്ഞാല്‍ നെല്‍ കര്‍ഷകന്‍ എന്ന നിലയില്‍ നിന്നുമാറി റബ്ബര്‍ കര്‍ഷകനായതോടെ യഥാര്‍ഥ കര്‍ഷകന്റെ അടയാളം കഴിഞ്ഞ പതിറ്റാണ്ടിനുള്ളില്‍ പൂര്‍ണമായും തേഞ്ഞുമാഞ്ഞു.
കാലാവസ്ഥാ മാറ്റങ്ങളും കൃഷിനാശവും വിളവ് കുറവും വിലക്കുറവും ആദ്യകാലത്ത് പ്രതിസന്ധികളുണ്ടാക്കി യിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് ് ഇവയോടൊപ്പം തൊഴില്‍ പ്രശ്‌നങ്ങളും നെല്‍കൃഷിയെയും കര്‍ഷകനെയും രൂക്ഷമായി ബാധിച്ചു. ഏറ്റവും അവസാനം രാസവളങ്ങളുടെ വിലക്കയറ്റവും തൊഴില്‍ ചെയ്യാന്‍ ആവശ്യത്തിന് ആളെക്കിട്ടാത്തതും കര്‍ഷക കുടുംബങ്ങളില്‍ കൃഷിയുമായി അടുപ്പമുള്ളവരുടെ എണ്ണം കുറഞ്ഞതുമൊക്കെ നെല്‍കൃഷിയുടെ അന്ത്യം കുറിച്ചതിന് കാരണമായി. കര്‍ഷക കുടുംബങ്ങളിലെ മക്കളും മരുമക്കളും മറ്റ് തൊഴില്‍ മേഖലകള്‍ തേടുകയും പ്രവാസജീവിതം തെരഞ്ഞെടുക്കുകയും ചെയ്തതോടെ പരമ്പരാഗത കൃഷിക്കാരന് ജീവിക്കാന്‍ കൃഷി വേണ്ടെന്നായി. പത്തായങ്ങളിലെ നെല്ല് പുഴുങ്ങിയുണക്കി കുത്തി അരിയാക്കി കഞ്ഞിവെക്കാനും ആളെക്കിട്ടാതായി. കടയില്‍ പോയി കാശുകൊടുത്താല്‍ ചാക്കുകണക്കിന് അരി വീട്ടിലെത്തുമെങ്കില്‍ പിന്നെന്തിന് കൃഷിയും പത്തായവും. പാടങ്ങള്‍ അട്ടയും പുല്ലും കയറി ആരും തിരിഞ്ഞുനോക്കാനില്ലാത്ത സ്ഥിതിയിലുമായി
കര്‍ഷകന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ വയലുകള്‍ സംരക്ഷിച്ചാല്‍ മാത്രം മതിയോ നെല്‍കൃഷി സംരക്ഷിക്കേണ്ടതില്ലേ എന്ന ചോദ്യം പ്രസക്തമാണ്കര്‍ഷകന്റെ മണ്ണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചാല്‍ രാജ്യത്തെ കൃഷിയുടെ പൊതു അവസ്ഥ വ്യക്തമാവും. റെവന്യൂ വകുപ്പിന്റെ നികുതിയിളവുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാല്‍ ഒരു പ്രത്യേക കാര്യം കാണാന്‍ കഴിയും. രാജ്യത്ത് അഞ്ചു ലക്ഷം കോടി രൂപയാണ് പ്രതിവര്‍ഷം നികുതിയിനത്തില്‍ എഴുതിതള്ളുന്നത്. അതായത് മണിക്കൂറില്‍ 57 കോടി, മിനുട്ടില്‍ ഏകദേശം ഒരു കോടി. എന്നാല്‍ അതില്‍ കര്‍ഷകര്‍ പെടുന്നില്ലെന്നതാണ് ഏറ്റവും വലിയ തമാശ. കര്‍ഷകര്‍ക്ക് കടം കൊടുക്കാനും സര്‍ക്കാറിന്റെ കൈയില്‍ പണമില്ലെന്ന് ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും. യഥാര്‍ത്ഥത്തില്‍ പണം ആവശ്യമുള്ള ഗ്രാമപ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ സര്‍ക്കാറിന്റെ കണക്കിലും കണ്ണിലും പെടുന്നില്ല.
അറുപതുകളിലും എഴുപതുകളിലും വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ഉള്ളത് വലിയ തോതിലുള്ള കഷക ആത്മഹത്യകളാണെന്നത് ഒരുപക്ഷേ ആരെയും അത്ഭുതപ്പെടുത്തും. അതിനിടയിലുള്ള കാലയളവില്‍ എന്താണ് സംഭവിച്ചത്? വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം 83.6 കോടി ഇന്ത്യക്കാര്‍ ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്. ഒരു ശരാശരി കര്‍ഷക കുടുംബത്തിന്റെ വരുമാനം ആള്‍ക്കൊന്നിനു ദിവസം പതിനാറു രൂപ മാത്രമാണ്.സ്വന്തം വിളയേയോ, അതിന്റെ കമ്പോള വിലയേയോ, വില്പനയേയോ, വളത്തെയോ, കീടനാശിനിയെയോ എന്തിനു ഉപയോഗിക്കേണ്ട വൈദ്യുതി പോലുമോ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളെ കര്‍ഷകന്‍ എന്ന് വിളിക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. കര്‍ഷകന് മാത്രം എങ്ങിനെയാണ് ഈ ദുരവസ്ഥ വന്നുപോയത്.
ഓരോ രണ്ട് ദിവസങ്ങളിലും ഈ രാജ്യത്ത് 94 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ െ്രെകം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1991 സെന്‌സിനും 2001 സെന്‌സസിനും ഇടയ്ക്കുള്ള കാലം എടുക്കുകയാണെങ്കില്‍ 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. അതായത് ഒരു ദിവസം ഏകദേശം 2200 . ആ രണ്ട് ദിവസങ്ങളില്‍ 4300 കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ആ രണ്ട് ദിവസങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കണക്കു പ്രകാരം 6100 കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരണമടയുന്നുവെന്നും മാധ്യമപ്രവര്‍ത്തകന്‍ പി.സായിനാഥ് നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ട്.
മാറാതെ നില്‍ക്കുന്ന കര്‍ഷക ആത്മഹത്യ നിരക്ക് കൂടുതല്‍ മോശമായ വര്‍ത്തമാന കാല കര്‍ഷകന്റെ അവസ്ഥയാണ് തുറന്നു കാണിക്കുന്നത്, ഇതുകൊണ്ടു തന്നെയാണ് കര്‍ഷകരുടെ എണ്ണം അലിഞ്ഞില്ലാതാകുന്നതും.
1995ല്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണം 10720, 1996ല്‍ 13729, 2005ല്‍ 17131, 2009ല്‍ 17368. ഓരോ വര്‍ഷങ്ങളിലും ഇതു മാറിയും മറിഞ്ഞും ഇരുന്നു. കേരളത്തിലും ആശങ്കാജനകമായ കര്‍ഷക ആത്മഹത്യ കണക്കാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായത്.
കൃഷിയെ ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിച്ചാല്‍ മാത്രമെ കര്‍ഷകന് പഴയ പ്രൗഢി തിരിച്ചു കിട്ടുമെന്നാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയവര്‍ സര്‍ക്കാറിന് മുന്നില്‍ നിരത്തുന്ന പ്രധാന നിര്‍ദേശം. നമ്മുടെ രാജ്യത്തിന്റെ മേശയില്‍ ആഹാരം എത്തിക്കുന്നത് കര്‍ഷകരാണ്. കൃഷിയെ ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക, എന്നാല്‍ കര്‍ഷകര്‍ക്ക് ഒരു മിനിമം വേതനം എങ്കിലും ലഭ്യമാകുകയെന്നതാണ്. എത്ര വിളവുണ്ടായി എന്ന് നോക്കി വളര്‍ച്ചയെ അളക്കുന്നതിന് പകരം കര്‍ഷകനും കാര്‍ഷികത്തൊഴിലാളിക്കും എത്ര വരുമാനമുണ്ട് എന്നതിനെ നോക്കി വളര്‍ച്ചയെ അളക്കുക. കൃഷി തൊഴിലിനപ്പുറത്ത് സംസ്‌കാരമാണെന്ന തിരിച്ചറിവു നല്‍കണം. അവനവന്റെ മണ്ണില്‍ ചവിട്ടി നിന്ന് അരിവിളയിക്കുന്നത് അപമാനവും നഷ്ടവുമായി കാണുന്ന പുതിയ സംസ്‌കാരം മാറ്റി എഴുതാനും ഭരണകൂടം തന്നെ മുന്നില്‍ നില്‍ക്കണം. എങ്കില്‍ ഒരുപക്ഷെ നാട് നന്നായേക്കും. നമ്മുടെ പഴയ കര്‍ഷകനെ തിരിച്ചു കിട്ടുകയും ചെയ്യും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest