Connect with us

Kozhikode

കാത്തിരുന്നു വന്നെത്തിയ സൂപ്രണ്ട് അഞ്ചാം നാള്‍ ദീര്‍ഘാവധിയിലേക്ക്

Published

|

Last Updated

താമരശ്ശേരി: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനുശേഷം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചുമതലയേറ്റ സൂപ്രണ്ട് അഞ്ചാം ദിവസം ദീര്‍ഘകാലാവധിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ആറാം തീയതി സൂപ്രണ്ടായി ചുമതലയേറ്റ ഡോ. ഹരിദാസനാണ് അഞ്ചാം ദിവസം അവധി എഴുതി നല്‍കി സ്ഥലംവിട്ടത്.
മലയോര ജനതയുടെ ഏക ആശ്രയമായ താമരശ്ശേരി സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും സൂപ്രണ്ടിനെയോ മറ്റു ജീവനക്കാരെയോ നിയമിച്ചിട്ടില്ല. മലപ്പുറം തിരൂര്‍ സ്വദേശി ഡോ. ഹരിദാസന്‍ ആറാം തീയതി ചുമതലയേറ്റതോടെ ആശുപത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ നിരാശരായി.
സൂപ്രണ്ട് നാല് ദിവസം മാത്രമാണ് ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ചയാണ് അവധി എഴുതി വെച്ച് സൂപ്രണ്ട് സ്ഥലം വിട്ടത്. മൂന്ന് മാസത്തേക്കാണ് അവധിയെന്നാണ് വിവരം. നടുവേദനയെ തുടര്‍ന്ന് വിശ്രമത്തിലാണെന്നും കുറച്ചു കാലത്തേക്ക് അവധിയെടുത്തിരിക്കുകയാണെന്നും ഡോ. ഹരിദാസന്‍ പറഞ്ഞു. എത്ര നാളത്തേക്കാണ് അവധി നല്‍കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കിയില്ല.
എന്നാല്‍, അവധിക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്നും പത്ത് ദിവസത്തില്‍ കൂടുതല്‍ അവധി അനുവദിക്കില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മോഹനന്‍ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് അവധിക്ക് അപേക്ഷ നല്‍കേണ്ടത് ഡി എം ഒക്കാണെന്നിരിക്കെ ഡി എം ഒ അറിയാതെ അവധിയില്‍ പ്രവേശിച്ചത് ദുരൂഹമാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം സൂപ്രണ്ടിനെ നിയമിച്ചതായി കാണിക്കുകയും അഞ്ചാം ദിവസം സൂപ്രണ്ട് അവധിയില്‍ പ്രവേശിക്കുകയും ചെയ്തത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് സംശയം.