നന്നമ്പ്രയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കി

Posted on: August 15, 2014 9:05 am | Last updated: August 15, 2014 at 9:05 am

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റിനെ മുസ്‌ലിംലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കി.
നീലങ്ങത്ത് അബ്ദുസലാമിനെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ മുസ്‌ലിംലീഗിന്റെ 12 അംഗങ്ങളും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതനും അവിശ്വാസ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. സി പി എം ഏക അംഗം യോഗത്തിനെത്തിയില്ല. സി പി ഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ബി ഡി ഒ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു യോഗം.
അവിശ്വാസ ചര്‍ച്ച നടക്കുന്നതിനാല്‍ പരപ്പനങ്ങാടി താനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസ് സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ആയി മത്സരിച്ച ഇവിടെ മൂന്നുവര്‍ഷമായി നീലങ്ങത്ത് അബ്ദുസലാം വൈസ് പ്രസിഡന്റാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുമ്പോള്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് മുസ്‌ലിംലീഗ് തന്നെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യു ഡി എഫ് നേതൃത്വം നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് അബ്ദുസലാമിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ നന്നമ്പ്ര സര്‍വീസ് സഹകരണ ബേങ്കിലേക്ക് ലീഗിന് സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതാണ് അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെ ലീഗ് പുറത്താക്കിയത്. അതേസമയം പഞ്ചായത്തില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കാന്‍ ലീഗ് തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. മുസ്‌ലിം ലീഗ് അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെ പുറത്താക്കിയതോടെ ഇവിടെ യു ഡി എഫ് സംവിധാനം തകരുകയും ലീഗ് കോണ്‍ഗ്രസ് വൈരം ശക്തിപ്പെടുകയും ചെയ്തിരിക്കുകയാണ്.