കള്ളപ്പണം: 600 ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു

Posted on: August 15, 2014 12:16 am | Last updated: August 15, 2014 at 12:16 am

ന്യൂഡല്‍ഹി: വിദേശത്ത് നിക്ഷേപിച്ച ഇന്ത്യക്കാരുടെ കോടിക്കണക്കിന് വരുന്ന കള്ളപ്പണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ 600 ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രഹസ്യമായി ഇന്ത്യക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം നടത്തുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രധാനപ്പെട്ട വകുപ്പായ സെന്‍ട്രല്‍ എക്കണോമിക് ഇന്റലിജന്റ്‌സ് ബ്യൂറോ(സി ഇ ഐ ബി)ക്കാണ് രഹസ്യ വിവരം ലഭിച്ചിരുന്നത്. നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനിടെയാണ് കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ച് വെളിച്ചം വീശുന്ന വിവരം സി ഇ ഐ ബിക്ക് ലഭിച്ചത്. തങ്ങള്‍ക്ക് ലഭിച്ച ഈ 600 പേരുകള്‍ നിയമം അനുശാസിക്കുന്നത് പോലെ സി ഇ ഐ ബി കൂടുതല്‍ അന്വേഷണത്തിനായി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റസ് യൂനിറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് എന്നീ വിഭാഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു.
ഇതാദ്യമായാണ് എക്കണോമിക് ഇന്റലിജന്റ്‌സ് വിഭാഗമായ സി ഇ ഐ ബിക്ക് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഇതുവരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സി ബി ഡി ടി) വിഭാഗത്തിന് മാത്രമേ ഇത്തരം രഹസ്യ വിവരങ്ങള്‍ ലഭിച്ചിരുന്നുള്ളൂ. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച നാല് രാഷ്ട്രങ്ങളിലുള്ള ഇന്ത്യക്കാരെ കുറിച്ച് ഇതില്‍ വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് കൈമാറ്റം ചെയ്യപ്പെട്ട എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ അന്വേഷണം തുടങ്ങിവെച്ചതായി കള്ളപ്പണം കണ്ടെത്തുന്നതിന് കണ്ടെത്തുന്നതിന് സുപ്രീം കോടതി നിയമിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ(എസ് ഐ ടി) ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന് സംശയിക്കപ്പെടുന്ന ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യവ്യാപകമായി നികുതി വെട്ടിപ്പ് നടത്തുന്ന 24,000 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എല്ലാ കേസുകളെ കുറിച്ചും വിശദമായ അന്വേഷണം എസ് ഐ ടിക്ക് കീഴില്‍ പുരോഗമിക്കുകയാണ്.