ഉമ്മന്‍ ചാണ്ടി ലീഗിനെ ഭയപ്പെടുന്നു: സി കെ പത്മനാഭന്‍

Posted on: August 14, 2014 10:10 am | Last updated: August 14, 2014 at 10:10 am

pathmanaകോഴിക്കോട്: മുസ്‌ലിം ലീഗിനെ ഭയമുള്ളതുകൊണ്ടാണ് പ്ലസ്ടു ബാച്ച് വിഷയത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറാകാത്തതെന്ന് ബി ജെ പി ദേശീയ നിര്‍വാഹകസമിതിയംഗം സി കെ പത്മനാഭന്‍. ലീഗിനെ ഭയപ്പെടുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സി കെ പത്മനാഭന്‍ ആവശ്യപ്പെട്ടു. പ്ലസ്ടു വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കായി മാത്രം കാണുന്നവരാണ് ലീഗിലുള്ളത്. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് തീറെഴുതി നല്‍കിയിരിക്കുകയാണ്. പുതിയ പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ശക്തമായ കോഴ ആരോപണങ്ങളാണ് ഉയര്‍ന്നത്. വിവിധ സംഘടനകള്‍ തെളിവുകളുമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്ലസ്‌വണ്‍ പ്രവേശന ത്തിന് കോഴ വാങ്ങുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് വരെ പറഞ്ഞു. ഇത്രയൊക്കെയായിട്ടും ചെറുവിരലനക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. വിദ്യാഭ്യാസത്തെ ലീഗിന്റെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് തീറെഴുതുന്നത് ദേശദ്രോഹമാണെന്നും സി കെ പി കുറ്റപ്പെടുത്തി. ബി ജെ പി ജില്ലാ പ്രസിഡന്റ് പി രഘുനാഥ് അധ്യക്ഷനായിരുന്നു.