Connect with us

Editorial

വര്‍ഗീയതക്കെതിരെ സംസാരിക്കുമ്പോള്‍

Published

|

Last Updated

ഈയിടെയായി കോണ്‍ഗ്രസ് നേതാക്കള്‍ വിശിഷ്യാ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വര്‍ഗീയതക്കെതിരെ ശക്തമായി രംഗത്തു വന്നിരിക്കയാണ്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം 70 ലധികം വര്‍ഗീയ കലാപങ്ങള്‍ ഉത്തര്‍പ്രദേശില്‍ നടന്നുവെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി, കലാപങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചു രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലിമെന്റില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചതിന് പിന്നാലെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് കെ പി സി സിയുടെ പ്രത്യേക യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബി ജെ പിയുടെ വര്‍ഗീയ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടു ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ ബി ജെ പിയും സഖ്യകക്ഷികളും വിജയം നേടിയത് വര്‍ഗീയത മുതലെടുത്താണെന്നും സോണിയ ആരോപിക്കുന്നു. കലാപങ്ങള്‍ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും വര്‍ഗീയതെക്കെതിരെ രാജ്യത്ത് മതേതര കൂട്ടായ്മ രൂപം കൊള്ളണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഉത്തര്‍പ്രദേശില്‍ സമീപകാലത്തുണ്ടായ വര്‍ഗീയ കലാപങ്ങള്‍ നവംബര്‍ മധ്യത്തോടെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 12 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടിപ്പിച്ചതാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍. കലാപങ്ങിളിലേറെയും യു പിയിലെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലാണെന്ന വസ്തുത ഇതിനുപോദ്ബലകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അധികാരരാഷ്ട്രീയത്തിലേക്കുള്ള ബി ജെ പിയുടെ ചവിട്ടുപടി വര്‍ഗീയതയാണന്നത് പുതിയ അറിവല്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ തുടങ്ങിയതാണ് പാര്‍ട്ടി ഈ അജന്‍ഡ. അയോധ്യാ പ്രശ്‌നം, ഗുജറാത്തിലെ വംശഹത്യ, രാജത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സ്‌ഫോടനങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. അപകടകരമായ ഈ നീക്കത്തെ ശക്തമായി നേരിടുന്നതിന് പകരം മൃദുഹിന്ദുത്വ സമീപനത്തിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള രാഷ്ട്രീയക്കളിയാണ് അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നടത്തിയത്. ബാബ്‌രി മസ്ജിദ് പ്രശ്‌നം നരസിംഹറാവു സര്‍ക്കാറിന്റെ ഹിന്ദുത്വാനുകൂല നിലപാടുകളാണല്ലോ ദുരന്തപൂര്‍ണമാക്കിയത്. രാജ്യത്തിന്റെ നിയമവും മതനിരപേക്ഷതയും കാറ്റില്‍പ്പറത്തിയാണ് സംഘ്പരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സഹായിച്ചിരുന്നത്.
വര്‍ഗീയതയെ നിര്‍മാര്‍ജനം ചെയ്യാന്‍ ശക്തമായ നിയമനിര്‍മാണ നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഒരു ഇടവേളക്കു ശേഷം 2004ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചു വന്നത്. എന്നാല്‍ ഗുജറാത്ത് കലാപത്തിന് ശേഷം 12 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും കലാപങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തമായ നിയമനിര്‍മാണം നടത്താന്‍ പാര്‍ട്ടിക്കായില്ല. തുടക്കത്തില്‍ മുസ്‌ലിം തീവ്രവാദ സംഘടനകളുടെ പേരില്‍ ചാര്‍ത്തിയ രാജ്യത്തെ സ്‌ഫോടനങ്ങളുടെ പിന്നില്‍ ഹിന്ദുത്വശക്തികളാണെന്ന് തെളിഞ്ഞപ്പോഴും വോട്ട് ബേങ്കിനെ ബാധിക്കുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തി. വിഘടനവാദങ്ങള്‍ക്കെതിരെ അഖണ്ഡതയുടെ പ്രത്യയശാസ്ത്രമായി സവര്‍ണ ഹൈന്ദവതയെ പുനഃസ്ഥാപിക്കാനുള്ള ഹിന്ദുത്വശക്തികളുടെ ശ്രമത്തിന് കരുത്ത് പകര്‍ന്ന് ഭൂരിപക്ഷ വര്‍ഗീയതയേക്കാള്‍ ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന നിലപാടാണ് പാര്‍ട്ടിയും സര്‍ക്കാറും പലപ്പോഴും കൈക്കൊണ്ടത്. കോണ്‍ഗ്രസിന്റെ ഇത്തരം മൃദുഹിന്ദുത്വ നയങ്ങള്‍ക്ക് വര്‍ഗീയതയുടെ വളര്‍ച്ചയില്‍ പങ്കുണ്ടെന്നത് നിഷേധിക്കാനാകില്ല.
ഇന്നിപ്പോള്‍ ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പരാജയം ഏറ്റുവാങ്ങിയപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് വര്‍ഗീയതയുടെ ആപത്കരമായ വളര്‍ച്ചയെക്കുറിച്ചു ബോധം വന്നതും അതിനെതിരെ ശക്തമായി രംഗത്തു വരുന്നതും. ഈ പോരാട്ടം ആത്മാര്‍ഥതയോടെയെങ്കില്‍ പാര്‍ട്ടിക്കും രാജ്യത്തിനും നന്ന്. കഴിഞ്ഞ കാലങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ കൊണ്ട് കൂടിയായിരുന്നു പാര്‍ട്ടി അധികാരത്തിലേറിയത്. ഭീകരതക്കെതിരായ ആഗോളയുദ്ധത്തിന്റെ പേരില്‍ നിരപരാധികള്‍ക്കെതിരെ വ്യാജ കേസുകള്‍ ചമത്തിയും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയും ന്യൂനപക്ഷ സമുദായത്തിലെ പൗരന്മാരെ വേട്ടയാടാന്‍ തുടങ്ങിയതോടെയാണ് അവര്‍ പാര്‍ട്ടിയുമായി അകന്നതും കോണ്‍ഗ്രസ് ക്ഷയം പൂര്‍ണമായതും. ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുമായി വീണ്ടും അടുക്കണമെങ്കില്‍ ഈ തെറ്റ് തിരുത്താനും മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിച്ചു എല്ലാ സമൂദായക്കാരെയും ഒരു പോലെ കാണാനും വര്‍ഗീയതക്കെതിരെ മുഖം നോക്കാതെ ശബ്ദിക്കാനുമുള്ള കരുത്തും വിവേകവും വീണ്ടെടുക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടത്.