ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അസസ്‌മെന്റ് ലാബ് വരുന്നു

Posted on: August 14, 2014 1:15 am | Last updated: August 14, 2014 at 1:15 am

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായുള്ള ക്വാളിറ്റി അസസ്‌മെന്റ് ലാബ് സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ മെഡിക്കല്‍കോളജില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ഫാര്‍മസി കോളജില്‍ സജ്ജമാക്കിയിട്ടുള്ള ക്വാളിറ്റി അസസ്‌മെന്റ് ലാബിന്റെ ഉദ്ഘാടനം 16ന് രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. തിരുവനന്തപുരം ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആരോഗ്യ പരിപാലന രംഗത്തെ ഒരു കോടി രൂപ പദ്ധതി പ്രകാരമാണ് മരുന്നുകളുടെ ഗുണനിലവാര പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്ത് ആദ്യമായി ഗുണനിലവാര പരിശോധനാ ലാബ് പൂര്‍ത്തീകരിച്ചത് ആലപ്പുഴ ഫാര്‍മസി കോളജിലാണെന്ന് ആലപ്പുഴ ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ എം കെ മംഗളം, ഡോ അജിത് സാംസണ്‍ എന്നിവര്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ഒരു വ്യാഴവട്ടത്തിന് ശേഷം ആരംഭിക്കുന്ന ദന്തല്‍ കോളജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിക്കും. 48 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ദന്തല്‍കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ആലപ്പുഴ ദന്തല്‍ കോളജില്‍ ഈ വര്‍ഷം 50 പേര്‍ക്ക് പ്രവേശനം നല്‍കുമെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഡോ മംഗളവും ഡോ അജിത് സാംസണും അറിയിച്ചു.