Connect with us

Kannur

രോഗങ്ങളുടെ തോത് കൂടുന്നതിനു പിന്നില്‍ വിഷമയമായ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം

Published

|

Last Updated

കണ്ണൂര്‍: രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് പുറമെ പല രോഗങ്ങളുടെയും തോത് കൂടുന്നതിനു പിന്നില്‍ വിഷമയമായ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമെന്ന് പഠനം. മാരകമായ ലൈംഗിക വൈകല്യത്തിനടക്കം പ്ലാസ്റ്റിക് കാരണമാകുമെന്ന് പുതിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്കില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ മനുഷ്യരടക്കമുള്ള ജീവികളില്‍ ലൈംഗിക വൈകല്യങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. പി പി സിക്ക് മയത്വവും മൃദുത്വവും നല്‍കാനുപയോഗിക്കുന്ന ഥാലേറ്റ്‌സ് എന്ന കൃത്രിമ രാസവസ്തു ഉള്‍പ്പെടെയുള്ളവയാണ് അപകടകാരിയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഇത്തരം രാസവസ്തുക്കള്‍ തടസ്സപ്പെടുത്തുന്നതാണ് ലൈംഗിക വൈകല്യങ്ങള്‍ക്കിടയാക്കുന്നതെന്ന നിഗമനത്തില്‍ ഗവേഷകരെയെത്തിച്ചത്.
ആണ്‍ എലികളുടെ ലൈംഗിക വികാസത്തെ ഥാലേറ്റ്‌സ് എന്ന രാസപദാര്‍ഥം തടയുന്നതായി പ്രാഥമിക പഠനത്തില്‍ ഗവേഷകര്‍ മനസ്സിലാക്കിയിരുന്നു. മറ്റ് ജീവികളുടെ കാര്യത്തിലും ഇത് വ്യത്യസ്തമായിരിക്കില്ലെന്ന് ഇതേക്കുറിച്ചുള്ള തുടര്‍പഠനത്തില്‍ കണ്ടെത്തി. വീടുകളില്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന അനേകം ഉപകരണങ്ങളില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളിലടക്കം ഥാലേറ്റ്‌സ് അടങ്ങിയിട്ടുണ്ടെന്നതിനാല്‍ ശരീരത്തെ എളുപ്പത്തില്‍ ഇത് ബാധിക്കും. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഥാലേറ്റ്, കറുത്തീയം, ഡയോക്‌സിന്‍, സ്റ്റിറീന്‍, ബിസ്ഫിനോള്‍ തുടങ്ങിയ രാസഘടകങ്ങളെല്ലാം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ്. മിക്കയിനം പ്ലാസ്റ്റിക്കിലും കാര്യമായ തോതില്‍ അടങ്ങിയിട്ടുള്ള രാസവസ്തുവാണ് ബിസ്ഫിനോള്‍. കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍ക്കുപ്പിയില്‍ ഇത് വളരെയധികം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന ബിസ്ഫിനോള്‍ സാവധാനത്തില്‍ നമ്മുടെ ഹോര്‍മോണ്‍ വ്യവസ്ഥയെ മാറ്റിമറിക്കും. ആര്‍ത്തവ തകരാറുകള്‍, പോളിസിസ്റ്റിക്ക് ഒവേറിയന്‍ രോഗം, കുട്ടികളില്‍ നേരത്തേ തന്നെ ലൈംഗിക വളര്‍ച്ചയെത്തല്‍, ഫാറ്റിലിവര്‍, ലിവര്‍ സിറോസിസ്, പ്രമേഹം, ഹൃദ്രോഗം തുടങ്ങി പലതരത്തിലുള്ള രോഗങ്ങള്‍ക്കും ഇത് വഴിതെളിക്കും.
പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും അര്‍ബുദത്തിന് കാരണമാകും. ഇവയിലടങ്ങിയിരിക്കുന്ന ഫോര്‍മാല്‍ഹൈഡ് എന്ന രാസവസ്തുവാണ് അര്‍ബുദത്തിന് കാരണമാകുന്നത്. അര്‍ബുദത്തിന് പുറമെ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയവക്കും പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. ജേണല്‍ ഓഫ് എപിഡമിയോളജി ആന്‍ഡ് കമ്മ്യൂനിറ്റി ഹെല്‍ത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗവേഷകരായ ജൈന്‍ മുന്‍ക്ക്, ജോണ്‍ പീറ്റേഴ്‌സണ്‍, മാര്‍ട്ടിന്‍ ഷെറിന്‍ഗെര്‍, മിക്കല്‍പോര്‍ട്ട എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പ്ലാസ്റ്റിക് കവറുകളില്‍ ഫോര്‍മാല്‍ഹൈഡ് രാസവസ്തു ഉള്‍പ്പെടെ നിരവധി ഗുരുതരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ പല രോഗങ്ങളും കൂടുന്നതിനു പിന്നില്‍ വിഷമയമായ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമുണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Latest