മാവോയിസ്റ്റ് നേതാവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് മഹാരാഷ്ട്രയുടെ ഒരു കോടി രൂപ പാരിതോഷികം

Posted on: August 14, 2014 12:02 am | Last updated: August 14, 2014 at 12:55 am

നാഗ്പൂര്‍: മാവോയിസ്റ്റ് നേതാവിനെ പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി ഗണപതി എന്ന മുപ്പല്ല ലാല്‍ഷാമന റാവുവിനെ പിടികൂടാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്കാണ് ഒരു കോടി രൂപ നല്‍കുക.
ആഗസ്റ്റ് എട്ടിന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മാവോയിസ്റ്റ് നേതാക്കളെ കുറിച്ച് പോലീസിന് വിവരം നല്‍കുന്നത് ജീവന്‍ പണയം വെച്ചുള്ള കളിയാണെന്നതിനാലാണ് 2000ത്തില്‍ പാരിതോഷിക പദ്ധതി പ്രഖ്യാപിച്ചത്. പക്ഷെ, നാമമാത്രമായ തുകയാണ് പാരിതോഷികമെന്നതിനാല്‍ കാര്യമായ വിവരങ്ങളൊന്നും സര്‍ക്കാറിന് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പാരിതോഷികം ഒരു കോടി രൂപയായി ഉയര്‍ത്തിയത്.
സി പി ഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗങ്ങള്‍, മേഖലാ സെക്രട്ടറിമാര്‍, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ സെക്രട്ടറിമാര്‍ എന്നിവരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 60 ലക്ഷം രൂപ പാരിതോഷികമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.