ദുബൈ ട്രാം പദ്ധതിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

Posted on: August 13, 2014 9:40 pm | Last updated: August 13, 2014 at 9:40 pm

dubai tramദുബൈ: നഗരവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബൈ ട്രാം പദ്ധതിക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അഭിനന്ദനം. ട്രാമിന്റെ പരീക്ഷണ ഓട്ടത്തില്‍ പങ്കാളിയായപ്പോഴായിരുന്നു ശൈഖ് മുഹമ്മദ് പദ്ധതിയുടെ കാര്യക്ഷമതയില്‍ അഭിനന്ദനം ചൊരിഞ്ഞത്. നവംബര്‍ 11നാണ് ട്രാം യാത്രക്കാരെ വഹിച്ച് ഓടാന്‍ ആരംഭിക്കുക. യുറോപ്പിന് പുറത്ത് തറയിലൂടെ വൈദ്യുതി എത്തിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ട്രാം പദ്ധതികൂടിയാണിത്. ആഴ്ചയില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ അഞ്ചു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ 20 മണിക്കൂറാവും ട്രാം പ്രവര്‍ത്തിക്കുക. രാവിലെ അഞ്ചു മണി മുതല്‍ ഏഴു മണി വരെ എട്ട് മിനുട്ട് ഇടവിട്ടാവും ട്രാം സര്‍വീസ്. രാവിലെ 10നും രാത്രി എട്ടിനും ഇടയില്‍ ഓരോ ആറു മിനുട്ടിലും ട്രാം സര്‍വീസ് നടത്തും. ഓരോ സ്‌റ്റേഷനിലും 30 സെക്കന്റാവും നിര്‍ത്തുക. മണിക്കൂറില്‍ 21.44 കിലോ മീറ്ററായിരിക്കും വേഗം. പരമാവധി വേഗം 50 കിലോമീറ്ററായിരിക്കും. 42 മിനുട്ടിനകം ട്രാം ഒരു തവണ സര്‍വീസ് പൂര്‍ത്തീകരിക്കും.

മാസങ്ങള്‍ക്ക് മുമ്പേ ട്രാമുകള്‍ ദുബൈയിലെത്തിയിരുന്നു. ഇവയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ കുറേ മാസങ്ങളായി തകൃതിയായി നടന്നു വരവേയാണ് പദ്ധതിക്ക് ഊര്‍ജ്ജം നല്‍കികൊണ്ട് ശൈഖ് മുഹമ്മദ് ട്രാം പദ്ധതി സന്ദര്‍ശിക്കുകയും ട്രാമിന്റെ പരീക്ഷണ ഓട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തിരിക്കുന്നത്. 2014 നവംബറിലാവും പദ്ധതി പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യുകയെന്നു ആര്‍ ടി എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദ്‌നാന്‍ അല്‍ ഹമ്മാദി മാസങ്ങള്‍ക്ക് മുമ്പേ വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമും ഇമാറാത്തി ബെല്‍ജിയന്‍ കോഫഌ ബിസിക്‌സും അടങ്ങുന്ന കസോര്‍ഷ്യത്തിനാണ് നിര്‍മ്മാണ ചുമതല. 85.10 കോടി ദിര്‍ഹത്തിനാണ് 13 വര്‍ഷത്തേക്ക് കമ്പനികള്‍ കരാര്‍ നേടിയത്. ഒന്നാം ഘട്ടത്തില്‍ 11 ട്രാമുകളാണ് ദുബൈ മറീനയില്‍ നിന്ന് പോലീസ് അക്കാഡമി വരെ 10.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ യാത്രക്കാരുമായി ഓടുക.. 11 സ്റ്റേഷനുകള്‍ ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ ട്രാമുകളുടെ എണ്ണം 14 ആവും. അഞ്ചു കിലോമീറ്റര്‍ ട്രാക്കും ആറ് സ്റ്റേഷനുകളുമാണ് ഈ ഘട്ടത്തില്‍ പദ്ധതിക്കായി സജ്ജമാക്കുകയെന്നും ആര്‍ ടി എ നേരത്തെ വ്യക്തമാക്കിയിരുന്നു.
ദുബൈ മറീന, ജുമൈറ ബീച്ച് തുടങ്ങിയ പ്രദേശങ്ങളെ അല്‍ സഫൂഹ് ഒന്ന് വഴി മാള്‍ ഓഫ് ദി എമിറേറ്റ്‌സുമായി ബന്ധിപ്പിക്കുകയാണ് ട്രാം പദ്ധതിയുടെ ലക്ഷ്യം. ഇതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാം ലൈന്‍ മെട്രോയുടെ റെഡ് ലൈനിലെ രണ്ട് സ്‌റ്റേഷനുകളുമായും ബന്ധിപ്പിക്കുന്നതിനാല്‍ ഏറെ ജനവാസമുള്ള ഈ മേഖലക്ക് പദ്ധതി അനുഗ്രഹമാവും. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, മദീനത്ത് ജുമൈറ, ബുര്‍ജ് ഖലീഫ, നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ഇന്റര്‍നെറ്റ് സിറ്റി, ദുബൈ മറീന, ജുമൈറ ഹില്‍സ് എന്നിവയെയും ബന്ധിപ്പിക്കും. ഷോപ്പിംഗ് ട്രോളി എന്ന നിലയിലാകും ട്രാം സംവിധാനം അറിയപ്പെടുക. ഒരു ട്രിപ്പില്‍ 405 പേര്‍ക്കാണ് പരമാവധി യാത്ര ചെയ്യാന്‍ സാധിക്കുക.