സ്‌കൂള്‍ യൂനിഫോം വിതരണം ഇനിയും പൂര്‍ത്തിയായില്ല; പൂര്‍ത്തിയായെന്ന് അധികൃതര്‍

Posted on: August 13, 2014 10:27 am | Last updated: August 13, 2014 at 10:55 am

schooകാളികാവ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ യൂനിഫോം വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും 2013-14 വര്‍ഷത്തേക്കുള്ള യൂനിഫോം വിതരണം പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം ജില്ലാ പ്രോജക്ട് ഓഫീസര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഇപ്പോഴും യൂനിഫോം വിതരണം ചെയ്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം വിതരണം ചെയ്യേണ്ട യൂനിഫോമാണ് ഇപ്പോള്‍ വിതരണം പൂര്‍ത്തിയായതായി അവകാശപ്പെട്ടത്. ചില സ്‌കൂളുകളില്‍ യൂനിഫോം വിതരണം ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കൊക്കെ കൊടുക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അധികൃതര്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ യൂനിഫോം എത്തിയിരിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന കുട്ടികളുടെ വസ്ത്രത്തിന് ആവശ്യമായ അളവ് പ്രകാരമാണ് എത്തിയ യൂനിഫോമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് തലവേദനയായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സ്‌കൂളുകളിലുണ്ടായിരുന്ന കുട്ടികളില്‍ പലരും ഇപ്പോള്‍ പ്രൊമോഷനായി പോകുകയും പുതിയതായി നിരവധി കുട്ടികള്‍ ഓരോ സ്‌കൂളുകളിലും എത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ കണക്ക് പ്രകാരം യൂനിഫോമിനുള്ള ഫണ്ടിനുള്ള ചെക്കിന്റെ കാലാവധി 2014 മാര്‍ച്ച് 31 ന് അവസാനിച്ചിട്ടും ഉണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചെക്കിന്റെ കാലാവധി അവസാനിക്കുകയും എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫണ്ടും നല്‍കിയിട്ടില്ല.
സ്‌കൂളിലേക്ക് കഴിഞ്ഞ വര്‍ഷം ആവശ്യമായ യൂനിഫോറത്തിന് തുണിക്കമ്പനികളുമായി കരാറില്‍ ഒപ്പിട്ടത് അതാത് സ്‌കൂളുകളിലെ പ്രധാനാധ്യാപകരാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയ ചെക്കിന്റെ കാലാവധി കഴിഞ്ഞതിനാലും എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫണ്ട് നല്‍കാത്തതിനാലും യൂനിഫോറത്തിനുള്ള തുണി കിട്ടിയ സ്‌കൂള്‍ അധികൃതര്‍ ആശങ്കയിലുമാണ്.
ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തിയ കുട്ടികള്‍ക്കും സ്‌കൂളുകളില്‍ നിന്ന് പ്രൊമോഷനായിപ്പോയ കുട്ടികള്‍ക്കും കിട്ടിയ യൂനിഫോറം തുണികള്‍ നല്‍കാന്‍ നിര്‍വാഹവുമില്ലാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.
കിട്ടാത്ത നിരവധി സ്‌കൂളുകളില്‍ യൂനിഫോറം നല്‍കിയതായ പ്രോജക്ട് ഓഫീസറുടെ പ്രഖ്യാപനവും കിട്ടിയ സ്‌കൂളുകള്‍ എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയുമാണ് ഇപ്പോള്‍ യൂനിഫോമിന്റെ കാര്യത്തിലുള്ളത്. വിദ്യഭ്യാസ വകുപ്പിന്റെ അനാസ്ഥയുടെ പര്യായമായി മാറിയിരിക്കുകയാണ് സര്‍ക്കാര്‍ സൗജന്യ യൂനിഫോം വിതരണം.