Connect with us

Kollam

നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അന്വേഷണ റിപ്പോര്‍ട്ട്‌

Published

|

Last Updated

കൊല്ലം: പൊതുമേഖല സ്ഥാപനമായ ചവറ കെ എം എം എല്ലിലെ വാതകചോര്‍ച്ചയെക്കുറിച്ച് അന്വേഷിച്ച എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ റിപോര്‍ട്ട് നിരവധി ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാക്കുന്നു. വാതകച്ചോര്‍ച്ചയില്‍ അട്ടിമറി സാധ്യത തള്ളിക്കളായാതെയുള്ള റിപ്പോര്‍ട്ട് മാനേജ്‌മെന്റിനെയും കമ്പനി ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും കുറ്റക്കാര്‍ ആരാണെന്ന് വ്യക്തമായി പറയുന്നില്ല. ആദ്യ ദിവസം വാതകച്ചോര്‍ച്ച ഉണ്ടായതിന് പിന്നില്‍ കമ്പനി മാനേജ്‌മെന്റിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണെങ്കില്‍ അതില്‍ അസ്വാഭവികത സംശയിക്കേണ്ട കാര്യമില്ല. എന്നാല്‍ അറുപതോളം കുട്ടികള്‍ക്ക് ആദ്യദിവസത്തെ വാതകച്ചോര്‍ച്ച മൂലം അസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലാകുകയും ചെയ്തു. എന്നിട്ടും രണ്ടാം ദിവസവും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ മന:പൂര്‍വമല്ലാതെ അലംഭാവം കാട്ടിയെന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ ഒരുക്കമല്ല. രണ്ട് ദിവസമായി നാലു തവണ വാതകച്ചോര്‍ച്ച ഉണ്ടായതിന് പിന്നില്‍ പുറത്തു നിന്നുള്ള ഏതെങ്കിലും ശക്തികളുടെ പ്രേരണയോ സ്വാധീനമോ ഉണ്ടായിട്ടുണ്ടോയെന്ന നാട്ടുകാരുടെ ചോദ്യം അവശേഷിക്കുകയാണ്. കെ എം എം എല്ലുമായി ബന്ധപ്പെട്ട കേസ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കുന്ന ദിവസത്തിനനോടടുത്തുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വാതകച്ചോര്‍ച്ച ഉണ്ടായതും സംശയത്തിന് ബലം നല്‍കുന്നു. എന്നാല്‍ ബാഹ്യ ഇടപെടലുകള്‍ക്ക് തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അത് വിശ്വാസത്തിലെടുക്കുവാന്‍ നാട്ടുകാരും കമ്പനിയിലെ ഒരു വിഭാഗം ജീവനക്കാരും തയ്യാറല്ല.

ചവറയിലെ കെ എം എം എല്‍ കമ്പനിക്കെതിരെ ശക്തമായി സ്വകാര്യലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. വാതകച്ചോര്‍ച്ച ഉണ്ടായ ദിവസം മുതല്‍ നാട്ടുകാരും സ്ഥലത്തെ ജനപ്രതിനിധികളും സംഭവത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന അഭിപ്രായ പ്രകടനം നടത്തിയത് ഇതിന്റ അടിസ്ഥാനത്തിലാണ്. വാതകച്ചോര്‍ച്ച അന്വേഷിക്കുമ്പോള്‍ പ്രദേശത്തെ കരിമണല്‍ കള്ളക്കടത്ത് കൂടി അന്വേഷിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും ആവശ്യപ്പെട്ടിരുന്നു. അതേസമയം കെ എം എം എല്ലിലെ അട്ടിമറിക്ക് പിന്നില്‍ 160 കോടിയുടെ അഴിമതിയുണ്ടെന്നും സംഭവത്തിന് പിന്നില്‍ മലയാളിയായ ഒരു കരിമണല്‍ വ്യവസായിക്ക് പങ്കുണ്ടെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് തന്റെ കൈയില്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യലോബികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് നേരത്തെ അന്വേഷണ സംഘം പറഞ്ഞിരുന്നെങ്കിലും ഇന്നലെ സര്‍ക്കാറിന് സമര്‍പ്പിച്ച റിപോര്‍ട്ട് കമ്പനി അധികൃതരിലേക്ക് മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കന്വനിയില്‍ നിന്ന് ശമ്പളം പറ്റി ഒരു പ്രദേശത്തെ ജനങ്ങളുടെയും കുട്ടികളുടെയും ജീവന് വില കല്‍പ്പിക്കാതെ അലംഭാവവും ഉദാസീനതയും കാട്ടി പ്രവര്‍ത്തിക്കുന്ന ഉദ്യാഗസ്ഥര്‍ക്ക് എന്ത് നേട്ടമാണെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ചോദ്യം. അതേസമയം രണ്ടാം ദിവസം വാതകചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കമ്പനി മറച്ച്‌വെച്ചതും വാതകം ചോര്‍ന്നിട്ടുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് ശരിയാണോയെന്നറിണമെങ്കില്‍ വീണ്ടും പ്ലാന്റില്‍ പരിശോധന നടത്തണമെന്നുള്ള മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വാദവും ദൂരൂഹത അവശേഷിപ്പിക്കുന്നുണ്ട്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരെ ബലികഴിച്ച് അന്വേഷണം അവസാനിപ്പിക്കാതെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Latest