എബോള; മരണം ആയിരം കവിഞ്ഞു

Posted on: August 13, 2014 6:00 am | Last updated: August 12, 2014 at 11:59 pm

ebolaജനീവ: പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള രോഗം മൂലം ഇതുവരെ 1,013 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,013 പേര്‍ക്ക് രോഗം പകര്‍ന്നതായും സംഘടനയുടെ പുതിയ റിപ്പോര്‍ട്ടിലുണ്ട്.
എബോള രോഗം ഏറെപ്പേരുടെ ജീവനെടുത്ത ഗിനിയ, ലൈബീരിയ, സൈറ ലിയോണ്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ മാസം ഏഴ് മുതല്‍ ഒമ്പത് വരെ മാത്രം 52 പേര്‍ മരിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ ഗിനിയയില്‍ ആറ് മരണങ്ങളും 11 പുതിയ രോഗബാധിതരെയും കണ്ടെത്തിയപ്പോള്‍ ലൈബീരിയയില്‍ 29 മരണവും 45 പുതിയ രോഗബാധിതരുമുണ്ടായി. സൈറ ലിയോണില്‍ 17 മരണവും 13 രോഗബാധിതരെയും പുതുതായി കണ്ടെത്തിയിരുന്നു.
അതേസമയം എബോള രോഗബാധിതരായ രണ്ട് ഡോക്ടര്‍മാരെ ചികിത്സിക്കാന്‍ പരീക്ഷണ മരുന്ന് ലൈബീരിയയിലേക്ക് അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് രാജ്യത്തേക്ക് എത്തിക്കാനുള്ള അനുമതിക്കായി ലൈബീരിയന്‍ ആരോഗ്യ മന്ത്രാലയം അമേരിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യു എസ് വിവര കൈമാറ്റ വകുപ്പ് മന്ത്രി ലിവിസ് ബ്രൗണ്‍ പറഞ്ഞു. ലിബിയയിലെ രോഗബാധിതരായ ഡോക്ടര്‍മാര്‍ മരുന്ന് പരീക്ഷണത്തിന് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയില്‍ വെച്ച് രോഗബാധിതരായ രണ്ട് പേരില്‍ മരുന്ന് പരീക്ഷണം നടത്തിയത് അമേരിക്കയില്‍ ധാര്‍മിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ മാത്രം എത്തിയിരിക്കുന്ന മരുന്നുകള്‍ നേരത്തെ കുരങ്ങുകളില്‍ മാത്രമാണ് പരീക്ഷിച്ചിട്ടുള്ളത്.