പാചകവാതക സിലിണ്ടറുകള്‍ക്ക് ജില്ലയില്‍ കടുത്ത ക്ഷാമം

Posted on: August 13, 2014 12:56 am | Last updated: August 12, 2014 at 10:57 pm

കാഞ്ഞങ്ങാട്: പാചകവാതക സിലിണ്ടറുകള്‍ക്ക് വിപണിയില്‍ കടുത്ത ക്ഷാമം. ആവശ്യത്തിന് പാചകവാതക സിലിണ്ടറുകള്‍ സ്റ്റോക്കില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ കടുത്ത ദുരിതത്തിലാണ്.
ജില്ലയില്‍ പാചകവാതക കണക്ഷനുകള്‍ ഉള്ള പല വീടുകളിലേക്കും പാചകവാതക സിലിണ്ടറുകള്‍ എത്തുന്നില്ല. ഇതു കാരണം മിക്ക ഉപഭോക്താക്കളും ഗ്യാസ് ഏജന്‍സി സ്ഥാപനങ്ങളിലെത്തി പാചകവാതക സിലിണ്ടറുകള്‍ വാങ്ങിക്കൊണ്ടുപോവുകയാണ്. സാധാരണ ഗതിയില്‍ ബുക്ക് ചെയ്ത വീടുകളിലേക്ക് പാചകവാതക സിലിണ്ടറുകള്‍ എത്തിക്കുകയാണ് പതിവ്. എന്നാല്‍ എല്ലാ ഉപഭോക്താക്കളുടെയും വീടുകളില്‍ പാചകവാതകം എത്തിക്കാന്‍ ഏജന്റുമാര്‍ക്ക് കഴിയുന്നില്ല.
പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്ന സമയത്ത് ഉപഭോക്താക്കള്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. പാചകവാതകം കിട്ടാതെ ജനങ്ങള്‍ ഏറെ വലയുകയായിരുന്നു. നിയമ തടസ്സങ്ങളും സാങ്കേതിക തടസ്സങ്ങളും നീക്കിയാണ് പാചകവാതക വിതരണം പുനഃസ്ഥാപിക്കപ്പെട്ടത്. പാചക വാതകവുമായി ബന്ധപ്പെട്ട് കുടുംബങ്ങളില്‍ നേരിടേണ്ടി വരുന്ന വിഷമതകള്‍ കടുത്തതാണ്.
എത്രയും വേഗം ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് പാചകവാതക ഉപഭോക്താക്കളുടെ ആവശ്യം. മഴക്കാലമായതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉപഭോക്താക്കളുടെ ദുരിതം വര്‍ധിപ്പിക്കുന്നു.