നിരോധിച്ചത് 374 മരുന്നുകള്‍: യു എ ഇ യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം

Posted on: August 12, 2014 9:50 pm | Last updated: August 12, 2014 at 9:50 pm

അബുദാബി: മരുന്നുകളുമായി യു എ ഇ യിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. യു എ ഇ യില്‍ നിരോധിച്ചതും നിയന്ത്രിത ഉപയോഗ ത്തിലുള്ളതുമായ മരുന്നുകളുമായി ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നും അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
നിലവില്‍ 374 മരുന്നുകള്‍ യു എ ഇ യിലേക്ക് കൊണ്ടു വരുന്നത് ഭാഗികമായോ പൂര്‍ണമായോ നിരോധിക്കപ്പെട്ടിരിക്കുകയാണ്. യു എ ഇയിലേക്ക് മരുന്നുകള്‍ കൊണ്ടു വരുന്നതിനുള്ള ഒമ്പത് ഇന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വ്യാപകമായി ഡോക്ടര്‍മാര്‍ എഴുതുന്ന ചില മരുന്നുകള്‍, യു എ ഇ യില്‍ നിരോധിച്ചതാണ്. അത് കൊണ്ട് തന്നെ ഇവിടേക്ക് വരുന്നവര്‍ യു എ ഇ യില്‍ നിയമ വിധേയമായ മരുന്നുകളാണ് കൊണ്ടു വരുന്നതെന്ന് ഉറപ്പാക്കണം.
യാത്രാ വേളയില്‍ കയ്യില്‍ കൊണ്ടു വരുന്ന സാധനങ്ങളെക്കുറിച്ച് പൂര്‍ണമായ അറിവ് യാത്ര ചെയ്യുന്ന ആള്‍ക്കുണ്ടാവണം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനായി മറ്റുള്ളവര്‍ തന്നയക്കുന്ന പാര്‍സലുകള്‍തുറന്ന് പരിശോധിച്ച ശേഷമേ യാത്ര തിരിക്കാവൂ എന്നും എംബസി മുന്നറിയിപ്പ് തരുന്നു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവാവ് അബുദാബി വിമാനത്താവളത്തില്‍ പോലീസ് പിടിയില്‍ ആയതിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്. ആരോഗ്യപരമായ കാരണങ്ങളാല്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കേണ്ട മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ രോഗവുമായി ബന്ധപ്പെട്ട രേഖകളും, യു എ ഇ യിലെ അംഗീകൃത ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രിസ്‌ക്രിപ്ഷനും കയ്യിലുണ്ടെന്ന് ഉറപ്പു വരുത്തണം. നിരോധിച്ച മരുന്നുകളുടെ പൂര്‍ണമായ വിവരം ദുബൈ കസ്റ്റംസ് വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില മരുന്നുകള്‍ കൊണ്ടുവരാനുള്ള അനുമതി ഉണ്ടെങ്കിലും അതിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രക്കൊരുങ്ങുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണമെന്നും എംബസി മുന്നറിയിപ്പു നല്‍കുന്നു.