ജില്ല പുകയില വിമുക്തമാകുന്നു

Posted on: August 12, 2014 9:32 am | Last updated: August 12, 2014 at 9:32 am

no-drugsകോഴിക്കോട്: കോഴിക്കോട് സമ്പൂര്‍ണ പുകയില രഹിത ജില്ലയാകുന്നു. ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്പ – 2003 ന്റെ ചുവട് പിടിച്ചാണ് ജില്ലയെ മാതൃകാ പുകയില വിമുക്ത ജില്ലയാക്കി മാറ്റുന്നത്. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അടുത്ത മൂന്ന് മാസത്തിനകം ജില്ലയെ പൊതുജനാരോഗ്യസൗഹൃദ പുകയില രഹിത ജില്ലയെന്ന പദവിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം. രോഗകാരണങ്ങളായ പുകയിലയും മറ്റ് ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് പൊതുജനങ്ങളെയും കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് കോഴിക്കോട് ജില്ലയെ കോട്പ നടപ്പാക്കുന്ന മാതൃകാ ജില്ലയായി മാറ്റുന്നതെന്ന് ജില്ലാ കലക്ടര്‍ സി എ ലത പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും യോഗം ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്തിരുന്നു. വിവിധ സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെയുള്ള ബോധവത്കരണ പരിപാടികള്‍, പോലീസിന്റെയും വിവിധ ഏജന്‍സികളുടെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ കര്‍ശനമാക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കോഴിക്കോടിനെ കോട്പ മാതൃകാ ജില്ലയാക്കുന്നത്. പ്രവര്‍ത്തന പുരോഗതി കൃത്യമായി വിലയിരുത്താനും അവ ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുകയിലയുടെ വിപത്തുകള്‍ വിവരിക്കുന്ന വിവിധ തരത്തിലുളള ബോധവത്കരണ പരിപാടികള്‍ നടത്തും. ജനപ്രതിനിധികളെ പദ്ധതിയുമായി സഹകരിപ്പിക്കുന്ന വിപുലമായ പ്രഖ്യാപനവും ഇതിന്റെ ഭാഗമായി നടത്തും.
പൊതുജനാരോഗ്യ സംരക്ഷണാര്‍ഥം ഇന്ത്യന്‍ പാര്‍ലിമെന്റ് പ്രാബല്യത്തില്‍ വരുത്തിയ നിയമമാണ് കോട്പ – 2003. ഇതിലെ നാലാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചിട്ടുണ്ട്. പുകയില ഉത്പന്നങ്ങളുടെ പ്രചരണമാര്‍ഗങ്ങളും എല്ലാതരത്തിലുള്ള പരസ്യങ്ങളും അഞ്ചാം വകുപ്പ് പ്രകാരം നിരോധിച്ചിട്ടുണ്ട്. പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കുന്നതാണ് ആറാം വകുപ്പിലെ എ ഉപ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര (91.4 മീറ്റര്‍) പരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് ആറാം വകുപ്പും നിഷ്‌കര്‍ഷിക്കുന്നു. എല്ലാ പുകയില ഉത്പന്നങ്ങളിലും ആരോഗ്യപരമായ മുന്നറിയിപ്പ് രേഖപ്പെടുത്തിയിരിക്കണമെന്നത് ഏഴാം വകുപ്പിലാണ് ആവശ്യപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി കോട്പയിലെ നാല്  മുതല്‍ ഏഴ് വരെ വകുപ്പുകളാണ് ജില്ലയില്‍ നടപ്പാക്കുക. ഇതു സംബന്ധിച്ചുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും.
സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്, റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് പി എച്ച് അഷറഫ് എന്നിവര്‍ ഇതിന് നേതൃത്വം നല്‍കും. കോട്പയിലെ നടപടികള്‍ നടപ്പാക്കേണ്ട രീതികളെ കുറിച്ച് പരിശീലനം ലഭിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും ഇതിനായി മേല്‍നോട്ടം വഹിക്കും.