മാണിയെ ചൊല്ലി ബി ജെ പിയിലും ഭിന്നത; വി മുരളീധരനെ വിമര്‍ശിച്ച് മുഖപത്രം

Posted on: August 12, 2014 1:15 am | Last updated: August 12, 2014 at 1:15 am

KM-Mani-Malayalamnewsതിരുവനന്തപുരം: കെ എം മാണിയെ എന്‍ ഡി എയിലേക്ക് ക്ഷണിക്കുന്നതിനെ ചൊല്ലി ബി ജെ പിയിലും ഭിന്നത. മാണിയെ ക്ഷണിച്ച് പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ വന്ന ലേഖനത്തെ വിമര്‍ശിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ നിലപാടിനെതിരെ ജന്മഭൂമി തന്നെ മുഖപ്രസംഗവുമെഴുതി. മാണിയെ എന്‍ ഡി എയിലേക്ക് ക്ഷണിച്ച് റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണനാണ് ലേഖനമെഴുതിയിരുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗം ആധാരമാക്കിയാണ് ജന്മഭൂമിയുടെ ഇന്നലത്തെ മുഖപ്രസംഗം. ‘അമിത്ഷായുടെ ആഹ്വാനം’ എന്ന പേരിലുള്ള മുഖപ്രസംഗം പ്രത്യക്ഷത്തില്‍ തന്നെ സംസ്ഥാന പ്രസിഡന്റിന്റെ നിലപാട് തള്ളുന്നു. നയത്തിനും പരിപാടിക്കുമൊപ്പം അടവുനയവും രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്നും മുഖപ്രസംഗത്തിലൂടെ സംസ്ഥാന അധ്യക്ഷനെ ഉപദേശിക്കുന്നു.
ബി ജെ പിയെ ഒറ്റപ്പെടുത്തുന്ന ഇരുമുന്നണി സംവിധാനം തകരുകയെന്നതാണ് അതിലേക്കുള്ള മാര്‍ഗമെന്നു പറയുമ്പോള്‍ മാണിയുടെ കേരളാ കോണ്‍ഗ്രസ് അടക്കമുള്ളവരെ ഒപ്പം കൂട്ടണമെന്നു തന്നെയാണ് വാദിക്കുന്നത്.
ഇടതുമുന്നണിയില്‍ ചേക്കേറുന്നതിന് കോടിയേരി ബാലകൃഷ്ണനുമായി മാണി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ആധാരമാക്കിയായിരുന്നു ‘പാലേലെ മാണിക്യം’ എന്ന പേരില്‍ ശനിയാഴ്ച ലേഖനമെഴുതിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ലേഖനത്തിന്റെ ഉള്ളടക്കം തള്ളുകയാണ് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ചെയ്തതെങ്കിലും പാര്‍ട്ടി ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസ് അനുകൂലിച്ചു. യോജിക്കാന്‍ കഴിയുന്നവരുമായി യോജിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിന്റെ തുടര്‍ച്ചയായാണ് കൃഷ്ണദാസിന്റെ അഭിപ്രായത്തോട് ചേര്‍ന്നുനില്‍ക്കുന്ന മുഖപ്രസംഗം പാര്‍ട്ടി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വലതിനെയും ഇടതിനെയും കൈവിട്ട് നേര്‍വഴിയിലൂടെ സഞ്ചരിക്കാന്‍ മാണി തയ്യാറായാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയം അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നായിരുന്നു കുഞ്ഞിക്കണ്ണന്റെ ലേഖനത്തിലെ ഉള്ളടക്കം.