അരുന്ധതി റോയിയുടെ നിലപാട് ചരിത്രമറിയാത്തതിനാല്‍: ഡോ.ആനന്ദ് ഗോഖാനി

Posted on: August 12, 2014 12:41 am | Last updated: August 12, 2014 at 12:41 am

കൊച്ചി: മഹാത്മാഗാന്ധിക്കെതിരെയുള്ള അരുന്ധതി റോയിയുടെ നിലപാട് ചരിത്രമറിയാത്തിനാലാണെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകളുടെ മകന്‍ ഡോ.ആനന്ദ് ഗോഖാനി. മഹാത്മാ ഗാന്ധി എന്തായിരുന്നുവെന്ന് ഈ രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കുമറിയാം. അദ്ദേഹം വര്‍ഗീയവാദിയായിരുന്നുവെന്ന അരുന്ധതിയുടെ അഭിപ്രായം ചരിത്രമറിയാത്തതിനാലാണ്. അവരുടെ അഭിപ്രായത്തിന് മഹാത്മജിയുടെ ആത്മാവ് മാപ്പ് കൊടുക്കട്ടെയെന്നും ആനന്ദ് ഗോഖാനി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യമുള്ള ഇന്ത്യയില്‍ ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാം. ഗാന്ധിക്കെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ അവരെ ശിക്ഷിക്കണമെന്ന് തനിക്ക് അഭിപ്രായമില്ല. എന്നാല്‍ കാലം മനസിലാക്കിക്കൊടുക്കുമ്പോള്‍ അവര്‍ സ്വയം തിരുത്തിക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.