പട്ടികവര്‍ഗ ഉപപദ്ധതി മുഴുവനായി നടപ്പാകുന്നില്ല: പഠന റിപ്പോര്‍ട്ട്

Posted on: August 12, 2014 1:08 am | Last updated: August 12, 2014 at 12:08 am

തിരുവനന്തപുരം: കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ഭാഗമായുള്ള പട്ടികവര്‍ഗ ഉപപദ്ധതി പൂര്‍ണ അര്‍ഥത്തില്‍ നടപ്പാകുന്നില്ലെന്ന് ആസൂത്രണ ബോര്‍ഡ് പഠന റിപ്പോര്‍ട്ട്. പതിനൊന്നാം പഞ്ചവത്സര പദ്ധതി കാലയളവിലെ (2007- 08 മുതല്‍ 2011- 12 വരെ) പട്ടിക വര്‍ഗ ഉപ പദ്ധതി വിലയിരുത്തി ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് പദ്ധതിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന ഇവാലുവേഷന്‍ ചീഫ് ഡോ. വി വിജയകുമാറാണ് വിലയിരുത്തല്‍ പഠനം നടത്തിയത്. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കു കീഴില്‍ വിവിധ തലങ്ങളിലായി വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലൂടെ നടപ്പാക്കിയ പട്ടിക വര്‍ഗ ഉപ പദ്ധതിയുടെ നിര്‍വഹണവും ഈ കാലയളവിലെ ഓരോ വാര്‍ഷിക പദ്ധതിയുടെയും പദ്ധതി വിഹിതവും ചെലവും പഠനത്തില്‍ വിലയിരുത്തി.
പദ്ധതിതുക പലവഴി ചോര്‍ന്നു പോകുന്നതിനാല്‍ മുഴുവനായും ഗുണഭോക്താക്കള്‍ക്കായി ചെലവഴിക്കപ്പെടുന്നില്ലെന്ന് പഠനത്തില്‍ പങ്കെടുത്ത 65 ശതമാനം ഗുണഭോക്താക്കള്‍ അഭിപ്രായപ്പെട്ടു. പട്ടികവര്‍ഗ ഉപപദ്ധതി ഗുണഭോക്തൃ സമിതികളിലൂടെയല്ല നടപ്പാക്കുന്നതെന്ന് പഠനത്തില്‍ പങ്കെടുത്ത 72 ശതമാനം വിവരദാതാക്കള്‍ പറഞ്ഞു. പതിനൊന്നാം പഞ്ചവത്സര പദ്ധതി കാലയളവില്‍ പട്ടിക വര്‍ഗ ഉപ പദ്ധതി, പട്ടികജാതി ഉപപദ്ധതി, പൊതുവിഭാഗം എന്നിങ്ങനെ സംസ്ഥാനതലത്തില്‍ പദ്ധതി ഫണ്ട് വിനിയോഗം യഥാക്രമം 70.80, 65.20, 78.96 ശതമാനമായിരുന്നു. പട്ടികവര്‍ഗ ഉപപദ്ധതിയുടെ ഫണ്ട് വിനിയോഗം 2007-08 ല്‍ 78.07% ഉം, 2008- 09 ല്‍ 75.40% ഉം 2009- 10 ല്‍ 72.72% ഉം, 2010- 11 ല്‍ 65.07% ഉം, 2011- 12 ല്‍ 66.30% ഉം ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പട്ടികവര്‍ഗക്കാരില്‍ 81 ശതമാനവും കാര്‍ഷിക മേഖലയിലും മറ്റു മേഖലകളിലും കൂലിപ്പണി ചെയ്യുന്നവരാണ്. പട്ടിക വര്‍ഗ ഉപ പദ്ധതിയില്‍ വിഭാവനം ചെയ്തതുപോലെ തങ്ങളുടെ കുടുംബത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടില്ല.
പട്ടികവര്‍ഗ ഉപപദ്ധതി പ്രകാരമുള്ള പദ്ധതികള്‍ തങ്ങളുടെ കുടുംബവരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ടെന്ന് 34 ശതമാനം വിവരദാതാക്കള്‍ അഭിപ്രായപ്പെടുമ്പോള്‍ 25 ശതമാനം പേര്‍ തങ്ങളുടെ കുടുംബത്തിന്റെ ജീവിത നിലവാരം പതിനൊന്നാം പഞ്ചവത്സര പദ്ധതികാലത്ത് ഉയര്‍ന്നതായും എന്നാല്‍ സാമൂഹിക ശാക്തീകരണം പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്നും അഭിപ്രായപ്പെട്ടു. 50 ശതമാനം വിവരദാതാക്കള്‍ക്കും അങ്കണ്‍വാടികള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുന്നുണ്ട്. പട്ടികവര്‍ഗക്കാരില്‍ 44 ശതമാനം കൂടുംബങ്ങള്‍ക്ക് വീടിനു സമീപത്ത് കുടിവെള്ളം ലഭ്യമാകുമ്പോള്‍ 50 ശതമാനം കുടുംബങ്ങള്‍ക്ക് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകുന്നുണ്ട്.
മൂന്ന് ശതമാനം പട്ടികവര്‍ഗ കുടുംബങ്ങളില്‍ ഭിന്നശേഷിയുള്ള ഒരു വ്യക്തിയെ പരിപാലിക്കുമ്പോള്‍ 0.22 ശതമാനം കുടുംബങ്ങളില്‍ ഈ നിരക്ക് ഒന്നിലധികമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പട്ടികവര്‍ഗ ഉപപദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ കമ്മിറ്റികളില്‍ 0.89 ശതമാനം പേര്‍ മാത്രമാണുള്ളത്. പട്ടികവര്‍ഗ ഉപപദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് മോനിറ്ററിംഗ് കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ധന ലഭ്യതക്കുറവ്, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ്, സമ്മതപത്രം ഒപ്പ് വെക്കുന്നതിനുള്ള കാലതാമസം ഗുണഭോക്താക്കളുടെ രോഗാവസ്ഥ, റോഡുകളുടെ അഭാവം എന്നിവ നേരത്തെ ആരംഭിച്ച പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങളായി കാണപ്പെടുന്നു. പട്ടികവര്‍ഗ ഉപപദ്ധതി പ്രകാരം നിര്‍മിച്ച പൊതു ആസ്തികളില്‍ കമ്മ്യൂനിറ്റിഹാള്‍, അങ്കണ്‍വാടികള്‍, കിണര്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, റോഡുകള്‍, നടപ്പാതകള്‍, പാലങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംസ്‌കാരവും പൈതൃകവും സംരക്ഷിച്ചുകൊണ്ടുള്ള സൂക്ഷ്മതല ആസൂത്രണത്തിനും പദ്ധതി നടപ്പാക്കലിനും അതുവഴി ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ ലഘൂകരിച്ച് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും സഹായിക്കും. കൂടാതെ അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടിവെള്ളം, പോഷകാഹാരം, ഭവന നിര്‍മാണം, വൈദ്യുതി, റോഡ് ശുചിത്വം മുതലായവക്ക് വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയില്‍ മുന്‍തൂക്കം നല്‍കേണ്ടതിന്റെ ആവശ്യകതയും പഠനം വ്യക്തമാക്കുന്നു.
വയനാട്, മലപ്പുറം ജില്ലകളില്‍ നിന്ന് മൂന്ന് പഞ്ചായത്തുകള്‍ വീതം തിരഞ്ഞെടുത്ത് പട്ടികവര്‍ഗ ഉപപദ്ധതിയിന്‍ കീഴിലുള്ള പട്ടികവര്‍ഗ ഗുണഭോക്താക്കളുടെ 10 ശതമാനത്തില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മലപ്പുറം ജില്ലയിലെ ചാലിയാര്‍, ചുങ്കത്തറ, പോത്തുകല്‍ പഞ്ചായത്തുകളും വയനാട് ജില്ലയിലെ വെങ്ങപ്പള്ളി, എടവ, സുല്‍ത്താന്‍ബത്തേരി പഞ്ചായത്തുകളും പഠനവിധേയമാക്കി.