ദുബൈയില്‍ 500 ചരിത്ര സ്മാരകങ്ങള്‍ പുനരുദ്ധരിക്കുന്നു

Posted on: August 11, 2014 9:56 pm | Last updated: August 11, 2014 at 9:56 pm

Saeed_Al_Maktoum_Houseദുബൈ: രാജ്യത്തിന്റെ ഭൂതകാലത്തെ പ്രതിഫലിപ്പിക്കുന്ന 500 ചരിത്ര സ്മാരകങ്ങളെ പുനരുദ്ധരിക്കാന്‍ പദ്ധതിയുള്ളതായി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതും ഭൂതകാലത്തിന്റെ ഓര്‍മകളെ നിലനിര്‍ത്തുന്നതുമായ കെട്ടിടങ്ങളും അനുബന്ധ നിര്‍മിതികളുമാണ് നഗരസഭ പുനരുദ്ധാരണത്തിന് പദ്ധതിയിട്ടിരിക്കുന്നത്.
നിലവില്‍ ദുബൈ നഗരസഭയുടെ ഉടമസ്ഥതയില്‍ ഇത്തരത്തില്‍ ചരിത്ര സ്മാരകങ്ങളായ 196 കെട്ടിടങ്ങളുണ്ടെന്ന് നഗരസഭയിലെ പൈതൃക കെട്ടിട വിഭാഗം ഡയറക്ടര്‍ എഞ്ചി. റശാദ് മുഹമ്മദ് ബൂഖഷ് വ്യക്തമാക്കി. പുനരുദ്ധരിക്കാന്‍ തീരുമാനിച്ചവയിലെ ബാക്കിവരുന്ന കെട്ടിടങ്ങളൊക്കെ നഗരസഭക്കുപുറത്തുള്ള സ്വകാര്യ വ്യക്തികളുടെയോ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും റശാദ് ബൂഖഷ് അറിയിച്ചു.
നാടിന്റെ ചരിത്രവും പഴമയും എന്നെന്നേക്കുമായി സംരക്ഷിക്കാന്‍ നഗരസഭ പ്രതിജ്ഞാബന്ധമാണ്. അവ സംരക്ഷിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ അടുത്ത തലമുറക്ക് കൈമാറുന്നത് നാടിന്റെ അസ്ഥിത്വമാണ്, ബൂഖഷ് പറഞ്ഞു. ചരിത്ര സ്മാരകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിധഗ്ധരായ സംഘം ദുബൈ നഗരസഭക്കു കീഴിലുണ്ട്. ഈ സംഘത്തെ ഉപയോഗപ്പെടുത്തിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, അദ്ദേഹം പറഞ്ഞു.
ചരിത്ര സ്മാരകങ്ങള്‍ പുനരുദ്ധരിക്കുന്നതിലൂടെ ദുബൈയിലേക്ക് വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയും. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും ഇത് നേട്ടത്തിന് കാരണമാകും. ബൂഖഷ് പ്രത്യാശ പ്രകടിപ്പിച്ചു.
നഗരസഭക്കു പുറത്തുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റു സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകങ്ങളായ നിര്‍മിതികളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളും വ്യക്തികളുമായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു വരികയാണ്. ഉടമസ്ഥരില്‍ നിന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക ചിലവുകള്‍ സംഘടിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ നേതൃത്വം നല്‍കും. പഴമയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ വീടുകളും മറ്റു നിര്‍മിതികളും ഉണ്ടാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള എല്ലാ ഒത്താശകളും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും റശാദ് ബൂഖശ് വ്യക്തമാക്കി.