കൈക്കൂലി: സ്വദേശി പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Posted on: August 11, 2014 7:14 pm | Last updated: August 11, 2014 at 7:14 pm

ഷാര്‍ജ: കൈക്കൂലി കേസില്‍ സ്വദേശി പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. ഷാര്‍ജ പോലീസിന്റെ അന്‍ജാദ് പട്രോള്‍സില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അനധികൃതമായി കാര്‍ ലിഫ്റ്റ് നല്‍കിയ ഡ്രൈവറില്‍ നിന്നു കൈക്കൂലി വാങ്ങവേ കൈയോടെ പിടിയിലായത്. കാര്‍ ലിഫ്റ്റ് നല്‍കിയ ആള്‍ക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കാനായിരുന്നു പോലീസ് ഓഫീസര്‍ കൈകൂലി ആവശ്യപ്പെട്ടത്. പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമ ലംഘനം നടത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയ ശേഷമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടിരുന്നതെന്നാണ് അന്വേഷണത്തില്‍ നിന്നു ബോധ്യപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷമായി ഷാര്‍ജ പോലീസില്‍ സേവനം ചെയ്യുന്ന ആളാണ് പിടിയിലായത്.
പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ക്കുറിച്ച് കൈക്കൂലിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വിരിച്ച വലയില്‍ ഈ ഓഫീസര്‍ കുടുങ്ങിയത്. കാര്‍ ലിഫ്റ്റ് നല്‍കിയ കേസില്‍ ഏഷ്യക്കാരനില്‍ നിന്നും കേസ് ഒഴിവാക്കാന്‍ പോലീസ് ഓഫീസര്‍ 2,000 ദിര്‍ഹമായിരുന്നു ആവശ്യപ്പെട്ടത്. പണം പിന്നീട് നല്‍കാമെന്ന് ഏഷ്യക്കാരന്‍ വ്യക്തമാക്കി. എന്നാല്‍ പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ച ശേഷം പോലീസായിരുന്നു കൈക്കൂലിക്കേസില്‍ പിടിയിലായ പോലീസ് ഓഫീസര്‍ക്ക് നല്‍കാന്‍ ഏഷ്യക്കാരന് പണം നല്‍കിയത്. ഇത് കൈമാറവേയാണ് കൈയോടെ പിടികൂടിയത്.