Connect with us

Kozhikode

ഷാള്‍ വിവാദം: സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്ന് അധ്യാപിക പിന്‍മാറണമെന്ന്

Published

|

Last Updated

കാളികാവ്: പുല്ലങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികളെ തെറ്റിധരിപ്പിച്ച് അധ്യാപികയുടെ നേതൃത്വത്തില്‍ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ചോക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സ്‌കൂളില്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിക്കാന്‍ ടീച്ചര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വരാതെ പിരിഞ്ഞ് പോകില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് കാളികാവ് ഗ്രേഡ് എസ് ഐ അജിത്കുമാര്‍, പി ടി എ പ്രസിഡന്റ് ഇ പത്മാക്ഷന്‍, പ്രധാനാധ്യാപിക കോമളവല്ലി, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അടക്കമുള്ളവരുമായി ഫോണിലൂടെ ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച സ്‌കൂളില്‍ എത്താമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
സ്‌കൂളിലെ 40 അധ്യാപകരില്‍ 39 പേരും മറ്റ് ജീവനക്കാരും പി ടി എ കമ്മറ്റിയും ആവശ്യപ്പെട്ടിട്ടും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകാത്ത ടീച്ചര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ചോക്കാട് മണ്ഡലം പ്രസിഡന്റ് ബി കെ മുജീബ്, ഭാരവാഹികളായ കെ മുഹമ്മദ് റാഫി, കെ പി നജീബ്, എ പി ഫിറോസ്, പി നിഹാസ് നേതൃത്വം നല്‍കി. മതാചാരങ്ങളെ അധിക്ഷേപിക്കുകയും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ച് വിടണമെന്ന് എസ് ഡി പി ഐ ചോക്കാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ടീച്ചറുടെ ഫെമിനിസ്റ്റ് ആശയം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ കൂടുതല്‍ സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Latest