കോഴ ചോദിച്ചതിനെതിരെ പരാതി നല്‍കിയയാളെ ‘തീവ്രവാദി’യാക്കി നിയമനം തടഞ്ഞു

Posted on: August 11, 2014 7:27 am | Last updated: August 11, 2014 at 7:27 am

bribeതിരുവനന്തപുരം: നിയമനത്തിന് കോഴ ചോദിച്ചതിനെതിരെ പരാതി നല്‍കിയയാളെ പോലീസ് ‘തീവ്രവാദി’ യാക്കി നിയമനം തടഞ്ഞു. ഇന്റലിജന്‍സ് വിഭാഗം എസ് പിയും അണ്ടര്‍ സെക്രട്ടറിയും ‘തീവ്രവാദി’യാക്കിയ നെടുമങ്ങാട് പഴകുറ്റി കൊല്ലംകാവ് ആല്‍ത്തറക്ക് സമീപം ബിസ്മി മന്‍സിലില്‍ പി ബി നഹാദിന്റെ പോലീസ് വകുപ്പിലെ യു ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള നിയമനമാണ് തടഞ്ഞത്. 12 വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാരനായ നഹാദ് റെയില്‍വേ പോലീസ് സൂപ്രണ്ട് ഓഫീസിലെ യു ഡി ക്ലര്‍ക്കാണ്. മിനിസ്റ്റീരിയല്‍ സ്റ്റാഫായ ഇദ്ദേഹത്തിന് 2007ലെ പി എസ് സി വിജ്ഞാപന പ്രകാരം എസ് ഐ ജനറല്‍ എക്‌സിക്യുട്ടീവ് ബ്രാഞ്ച് (ജി ഇ ബി) തസ്തികയിലുള്ള നിയമനമാണ് തടഞ്ഞത്. ഈ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നഹാദിനെതിരെ ഐ പി എസുകാരനായ ഇന്റലിജന്‍സ് എസ് പി. എം മുഹമ്മദ് ഷബീര്‍ നല്‍കിയ വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് മറികടന്ന് നിയമനം തടഞ്ഞത്. ഇന്റലിജന്‍സിലെ പോലീസ് ഉദ്യോഗസ്ഥന്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ട പരാതിയും ഇതിലുള്ള വിജിലന്‍സ് അന്വേഷണവുമാണ് ഇന്റലിജന്‍സ് എസ് പിയുടെ പകക്ക് കാരണമെന്നാണ് സൂചന. സര്‍വീസിലുള്ള ഉദ്യോഗസ്ഥരെ കുറിച്ച് രഹസ്യാന്വേഷണം ആവശ്യമില്ലെന്നാണ് നിയമമെങ്കിലും എസ് എസ് ബിയിലെ ഗ്രേഡ് എ എസ് ഐ മോഹനന്‍ രഹസ്യാന്വേഷണം നടത്തിയിരുന്നു. പണം തന്നില്ലെങ്കില്‍ ക്രിമിനല്‍ കേസുള്ളതായി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും കോടതികളില്‍ നിന്ന് രേഖകള്‍ എടുക്കാനെന്ന പേരില്‍ മോഹനന്‍ 500 രൂപ വാങ്ങുകയും ചെയ്തതായും നഹാദ് ഇന്റലിജന്‍സ് എസ് പി, ഡി വൈ എസ് പി എന്നിവരെ വാക്കാല്‍ അറിയിക്കുകയും മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിജിലന്‍സ് എസ് പിയുടെ നേതൃത്വത്തില്‍ മോഹനനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
ക്രിമിനല്‍ കേസില്‍ പെട്ട നഹാദ് തീവ്രവാദ സംഘടനയായ എന്‍ ഡി എഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും സര്‍ക്കാറിലെ ഉന്നതരുമായി ചേര്‍ന്ന് പി എസ് സിയെ സ്വാധീനിച്ചാണ് പട്ടികയില്‍ ഇടം നേടിയതെന്നുമാണ് എസ് പി നല്‍കിയ റിപ്പോര്‍ട്ടിലെ വിവാദ പരാമര്‍ശം. പിന്നാക്കക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസ്സിളവുണ്ടായിട്ടും റിപ്പോര്‍ട്ടില്‍ ഇക്കാര്യം മറച്ചുവെക്കുകയും അപേക്ഷാ സമയത്ത് നഹാദിന്റെ പ്രായപരിധി കഴിഞ്ഞിരുന്നതായും പറയുന്നു.
എന്നാല്‍, ബിരുദധാരികളായ കോണ്‍സ്റ്റബിള്‍മാര്‍ക്കും മറ്റുമുള്ള ഇതേ തസ്തികയില്‍ നിയമനം നേടിയവരില്‍ അഞ്ച് പേര്‍ ഉയര്‍ന്ന പ്രായപരിധി കഴിഞ്ഞവരാണ്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെയാണ് ഇന്റലിജന്‍സ് എസ് പി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാറിത് ഡി ജി പി, ഐ ജി പി, കെ പി ഇ എ എന്നിവടങ്ങളിലേക്ക് കൈമാറിയതോടെ നിയമനം തടഞ്ഞു. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ക്രമിനല്‍ കേസും എന്‍ ഡി എഫ് ബന്ധവുമുണ്ടെന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ നഹാദിനെ നേരത്തേ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ടതാണ്.
ഇതുസംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയില്‍ രണ്ട് ആഴ്ചക്കകം നിയമനം നല്‍കണമെന്ന ഉത്തരവും ഇതുവരെ പാലിച്ചിട്ടില്ല. ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനത്തിന് യോഗ്യതയില്ലെങ്കില്‍ അതിന്റെ കാരണം അറിയിക്കണമെന്ന ചട്ടവും നഹാദിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല. പി എസ് സിയെ സ്വാധീനിച്ച് പട്ടികയില്‍ കടന്നുകൂടി എന്ന എസ് പിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരണം ആവശ്യപ്പെട്ട് പി എസ് സി സര്‍ക്കാറിന് അയച്ച കത്തിലും നടപടിയായില്ല. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങി ഉന്നതര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഐ പി എസ് റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടായിട്ടില്ല.