Connect with us

International

യസീദികളെ കുര്‍ദ് സൈനികര്‍ രക്ഷപ്പെടുത്തി

Published

|

Last Updated

ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ വിമതരുടെ ഭീഷണിയെ തുടര്‍ന്ന് പര്‍വതനിരകളില്‍ അഭയം തേടിയ യസീദി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പാശ്ചാത്യ സഹായപ്രവാഹം. ഇസില്‍ വിമതരെ ലക്ഷ്യം വെച്ച് അമേരിക്കന്‍ വ്യോമാക്രമണം തുടരുകയാണ്. അതേസമയം, സിന്‍ജാര്‍ മലയില്‍ കുടുങ്ങിയ യസീദികളെ കുര്‍ദ് സൈനികര്‍ രക്ഷപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും വ്യോമമാര്‍ഗം വിതരണം ചെയ്തത് കൊടും ചൂടില്‍ ഇവര്‍ക്ക് ആശ്വാസകരമായി.
അമേരിക്കയുടെയും ഇറാഖിന്റെയും ചരക്ക് വിമാനങ്ങള്‍ വഴിയാണ് ഇവര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെ ബ്രിട്ടന്റെ സന്നദ്ധസംഘവും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഭവനരഹിതരായവര്‍ക്ക് ഫ്രാന്‍സിന്റെ ആദ്യ സഹായ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് വിദേശകാര്യ മന്ത്രി ലോറന്റ് ഫേബിയസ് ഇറാഖിലെത്തി. എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ച് വിമതരുടെ മുന്നേറ്റം തടയാന്‍ ഫേബിയസ് ഇറാഖിനോട് ആഹ്വാനം ചെയ്തു.
അതിനിടെ, കുര്‍ദിശ് സ്വയം ഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ ഇര്‍ബിലിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന ഘ്വാര്‍, മഖ്മൂര്‍ ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായി കുര്‍ദ് സൈന്യം അറിയിച്ചു. ഇര്‍ബിലിലെത്താന്‍ ഘ്വാറും കിര്‍കൂക്കിലെത്താന്‍ മഖ്മൂറും ആണ് ഉപയോഗപ്പെടുത്തുന്നത്. വിമതരുടെ സാന്നിധ്യമുള്ള പ്രദേശങ്ങളെ കുര്‍ദ്, ആഭ്യന്തര സൈന്യത്തിന് തിരിച്ചു പിടിക്കാനുള്ള വിധത്തിലാണ് അമേരിക്കയുടെ വ്യോമാക്രമണം.
യസീദി സമുദായത്തിലെ 500 പേരെ വിമതര്‍ കൊന്നതായി ഇറാഖ് മനുഷ്യാവകാശ മന്ത്രി മുഹമ്മദ് ശിയ അല്‍ സുദാനി പറഞ്ഞു. ചിലരെ ജീവനോടെ കുഴിച്ചിട്ടതായി സംശയമുണ്ട്. 300 സ്ത്രീകളെ അടിമകളാക്കി തട്ടിക്കൊണ്ടുപോയതായും മന്ത്രി അറിയിച്ചു. വിമതരുടെ ശക്തമായ സാന്നിധ്യമുള്ള മൂസ്വിലിലടക്കം വടക്കുകിഴക്കന്‍ മേഖലകളില്‍ ഇറാഖീ സൈന്യം മുന്നേറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Latest