പന്ന്യന്‍ വെറും പാവ: വെഞ്ഞാറമൂട് ശശി

Posted on: August 10, 2014 12:00 pm | Last updated: August 11, 2014 at 6:40 am

VENJARAMOODU SASIതിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ പുറത്താക്കപ്പെട്ട ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയുടെ രൂക്ഷ വിമര്‍ശനം. ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പന്ന്യന്‍ രവീന്ദ്രന് ഒിഞ്ഞു മാറാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബെനറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പന്ന്യന്‍ അമിത താല്‍പര്യം കാണിച്ചു. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പറ്റാന്‍ പാടില്ലാത്ത വീഴ്ചകള്‍ അദ്ദേഹത്തിന് സംഭവിച്ചു. വെളിയം ഭാര്‍ഗവനേയും പികെവിയേയും പോലുള്ള പ്രഗത്ഭരെ പോലെ പ്രവര്‍ത്തിക്കാന്‍ പന്ന്യന് കഴിയുന്നില്ല. അദ്ദേഹം മറ്റുള്ളവരുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വെറും പാവയാണെന്നും ശശി പറഞ്ഞു. കാനം രാജേന്ദ്രനും പ്രകാശ് ബാബുവും തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും ശശി ആരോപിച്ചു.
പാര്‍ട്ടിയുമായി ഇനി ബന്ധമില്ലെന്ന് പറഞ്ഞ അദ്ദേഹം കമ്യൂണിസ്റ്റുകാരനായിത്തന്നെ തുടരുമെന്ന് അറിയിച്ചു. ഇടതുപക്ഷത്തോടൊപ്പം തന്നെ പ്രവര്‍ത്തിക്കും. ഭാവി തൂരുമാനങ്ങള്‍ രണ്ട് ദിവസത്തിനകം അറിയിക്കുമെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിന് തെറ്റു പറ്റിയെന്നും പാര്‍ട്ടി സെക്രട്ടറിയെ മാറ്റേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്നാണ് സിപിഐയില്‍ നേതാക്കള്‍ക്കെതിരെ നടപടി എടുത്തത്.