Connect with us

Kozhikode

മാനവമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കവിതകള്‍ ദേശാന്തരങ്ങളെ സ്പര്‍ശിക്കുന്നു: ഡോ. ശിഹാബ് ഖാനം

Published

|

Last Updated

തൃശൂര്‍: മാനവമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന അനന്യമായ ചില കവിതകള്‍ എല്ലാ ദേശങ്ങളിലേയും എല്ലാ തരം വായനക്കാരേയും സ്പര്‍ശിക്കുന്നുവെന്ന് യു എ ഇ യിലെ പ്രമുഖ കവിയും പരിഭാഷകനും ടാഗോര്‍ സമാധാന പുരസ്‌കാര ജേതാവുമായ ഡോ. ശിഹാബ് ഖാനം. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദ്വിദിന മലയാളം- അറബി അന്തര്‍ദേശീയ സാഹിത്യോത്സവില്‍ “മലയാളസാഹിത്യം പരിഭാഷാനുഭവങ്ങള്‍” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിഭാഷക്കു വഴങ്ങാത്തതാണ് കവിത. വിശ്വോത്തര സാഹിത്യ കൃതികള്‍ അറബിയിലേക്ക് അടുത്ത കാലം വരെ മൊഴിമാറ്റം നടത്തപ്പെടാതെ പോയി. ശാസ്ത്രം, ജ്യോതിശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ പരിഭാഷകള്‍ക്കാണ് അറബി സാഹിത്യം പരിഗണന കൊടുത്തിരുന്നത്. അന്യഭാഷകളിലെ കവിതകള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മലയാളമടക്കമുള്ള ഭാരതീയ സാഹിത്യത്തിന്റെ പരിഭാഷകളാല്‍ സമ്പന്നമാണ് അറബി സാഹിത്യമെന്നും അദ്ദേഹം പറഞ്ഞു.
അറബി ജനതയുടെ സംഘര്‍ഷഭരിതമായ ചരിത്രാനുഭവങ്ങള്‍ അറബികൃതികളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്ത ഡോ. എം എം ബശീര്‍ പറഞ്ഞു. അസാധാരണമായ പ്രതിഭാശക്തി പ്രതിഫലിക്കുന്ന അറബിസാഹിത്യം ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുന്നു. അറേബ്യയിലെ ജനങ്ങളുടെ ആത്മാവിഷ്‌കാരത്തിന്റെയും അനുഭവജ്ഞാനത്തിന്റെയും സഫലമായ പ്രതീകങ്ങളാണ് അവിടത്തെ കഥയും നോവലും നാടകവുമെന്ന് അദ്ദേഹം പറഞ്ഞു.
മാനവികതക്ക് ഏല്‍ക്കുന്ന മുറിവുകള്‍ സാഹിത്യത്തിന്റെ മുഖ്യപ്രമേയമാകേണ്ടതാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.
കുട്ടിക്കാലത്ത് പിതാവിന്റെ ലൈബ്രറിയിലെ ടാഗോര്‍ കവിതകള്‍ വായിച്ച അനുഭവമാണ് തനിക്ക് ഭാരതീയ സാഹിത്യത്തിലേക്കും മിത്തോളജിയിലേക്കുമുള്ള വാതായനങ്ങള്‍ തുറന്നതെന്ന് “ഇന്ത്യന്‍ സാഹിത്യം എന്റെ വായനാനുഭവങ്ങള്‍” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഒമാനില്‍നിന്നുള്ള എഴുത്തുകാരി അസ്ഹര്‍ അഹ്മദ് പറഞ്ഞു. പുതിയ പരിഭാഷകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
“മലയാളം-അറബി സര്‍ഗവിനിമയങ്ങള്‍” എന്ന വിഷയത്തില്‍ വി എ കബീര്‍ പ്രഭാഷണം നടത്തി. അക്കാദമി നിര്‍വാഹക സമിതി അംഗം പി കെ പാറക്കടവ് സ്വാഗതവും അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍ നന്ദിയും പറഞ്ഞു.

Latest