പ്രതിരോധ സഹകരണം ചുവപ്പ് നാടയില്‍ കുടുങ്ങരുത്: ചക് ഹെഗല്‍

Posted on: August 10, 2014 12:36 am | Last updated: August 10, 2014 at 12:36 am

chuk hegelന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും തയ്യാറാകമെന്നും പ്രമാണങ്ങളും ചട്ടങ്ങളും സഹകരണത്തിന് തടസ്സമാകരുതെന്നും യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ബിസിനസ് പ്രമുഖരോട് സംസാരിക്കുകയായിരുന്നു ഹെഗല്‍. പരസ്പരം വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയെന്നതിന് അപ്പുറം ഒരുമിച്ച് ഇത്പാദിപ്പിക്കുകയും ഒരുമിച്ച് ഗവേഷണങ്ങള്‍ നടത്തുകയും സംയുക്തമായി പ്രതിരോധ സാമഗ്രികള്‍ വികസിപ്പിക്കുകയും ചെയ്യുന്ന നിലയിലേക്ക് വളരാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പുതു തലമുറ ടാങ്ക്‌വേധ മിസൈലുകള്‍ സംയുക്തമായി വികസിപ്പിക്കാനുള്ള കരാര്‍ അടക്കം നിരവധി നിര്‍ണായക കരാറുകളില്‍ ഒപ്പ് വെച്ചാണ് ഹെഗല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങുന്നത്. ഇന്ത്യയുടെ സൈന്യത്തെ ആധുനികവത്കരിക്കാനെന്ന പേരില്‍ കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളും സാമഗ്രികളും യു എസില്‍ നിന്ന് വാങ്ങാന്‍ ധാരണയായിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതിന് പിന്നാലെയാണ് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗലും ഇന്ത്യയിലെത്തിയത്. വന്‍ കരാറുകള്‍ക്ക് കളമൊരുക്കാനാണ് ഈ സന്ദര്‍ശനങ്ങളെന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.
മേഖലാപരമായ പ്രശ്‌നങ്ങളില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഹെഗല്‍ അവകാശപ്പെട്ടു. ചൈനയുമായുള്ള തര്‍ക്കങ്ങളാണ് ഇതുവഴി ഹെഗല്‍ സൂചിപ്പിച്ചത്. ഇന്ത്യ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നത് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തടസ്സമല്ല. ഇരു സാധ്യതകള്‍ക്കുമിടയില്‍ തിരഞ്ഞെടുക്കേണ്ട സ്ഥിതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജപ്പാനുമായി സുരക്ഷാ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്ന് രാജ്യങ്ങളും ചേര്‍ന്നാല്‍ പ്രതിരോധ രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കാനാകുമെന്നും ഹെഗല്‍ പറഞ്ഞു. ചൈനയുടെ മുന്നേറ്റത്തിനിടക്ക് ഏഷ്യയിലെ പ്രധാന സഖ്യ കക്ഷിയായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
ആഗോളമായി കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ സാങ്കേതിക സഹകരണത്തില്‍ ശ്രദ്ധയൂന്നാന്‍ അമേരിക്കക്ക് സാധിക്കുമോയെന്ന് സദസ്സില്‍ നിന്ന് ചോദ്യമുയര്‍ന്നത് ഹെഗലിനെ തെല്ല് അമ്പരിപ്പിച്ചു. സങ്കീര്‍ണമായ വെല്ലുവിളികളിലൂടെയാണ് അമേരിക്ക കടന്നു പോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ വന്‍ ശക്തികള്‍ക്ക് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്ന് അദ്ദേഹം ന്യായീകരിച്ചു. ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തായാക്കി ആസ്‌ത്രേലിയയിലേക്കാണ് ചക് ഹെഗല്‍ തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങി നിരവധി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.