രണ്ട് മാവോയിസ്റ്റ് സംഘങ്ങള്‍ ഏറ്റുമുട്ടി; 14 പേര്‍ കൊല്ലപ്പെട്ടു

Posted on: August 10, 2014 12:30 am | Last updated: August 10, 2014 at 12:30 am

maoists--621x414റാഞ്ചി: ഝാര്‍ഖണ്ഡില്‍ രണ്ട് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പലാമു ജില്ലയിലെ കൗരിയ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ത്രിതിയ പ്രസ്തുതി കമ്മിറ്റിയിലെയും (ടി പി സി), സി പി ഐ മാവോയിസ്റ്റില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഗ്രൂപ്പിലെയും തീവ്രവാദികളാണ് ഏറ്റുമുട്ടിയതെന്ന് ഝാര്‍ഖണ്ഡ് പോലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു.
ടി പി സിയില്‍ പെട്ട 14 മാവോയിസ്റ്റുകള്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ‘പലാമുവില്‍ 14 മാവോയിസ്റ്റുകള്‍ കൊല ചെയ്യപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല’ -ഝാര്‍ഖണ്ഡ് പോലീസിന്റെ വക്താവ് അനുരാഗ് ഗുപ്ത പറഞ്ഞു. കൊല ചെയ്യപ്പെട്ട തീവ്രവാദികളുടെ ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടതായി ബിഷ്‌റാംപൂരിലെ പോലീസ് ഓഫീസര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതായി പലാമു ഡി എസ് പി അജയ്കുമാര്‍ അറിയിച്ചു. സംഭവസ്ഥലത്തേക്ക് രക്ഷാ സേനയെ അയച്ചിട്ടുണ്ട്.
2002ല്‍ രൂപവത്കരിച്ച ടി പി സി തീവ്രവാദികള്‍ സി പി ഐ മാവോയിസ്റ്റുമായി രക്തരൂഷിതമായ നിരവധി ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ട്. 2013 മാര്‍ച്ചില്‍ ടി പി സി തീവ്രവാദികള്‍ ഛാത്ര ജില്ലയില്‍ 10 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. പലാമു, ലാത്‌ഹെര്‍, ഛാത്ര ജില്ലകള്‍ ടി പി സിയുടെ ശക്തികേന്ദ്രങ്ങളാണെന്ന് പറയപ്പെടുന്നു.