Connect with us

Kerala

പൊതു സിവില്‍ കോഡ് അപ്രായോഗികം: എസ് എസ് എഫ്

Published

|

Last Updated

ആനക്കര (പാലക്കാട്): ബഹുസ്വര സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് പോലുള്ള ആശയങ്ങള്‍ അപ്രായോഗികമാണെന്ന് എസ് എസ് എഫ് നാല്‍പ്പതിയൊന്നാമത് സംസ്ഥാന അര്‍ധ വാര്‍ഷിക കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതും മതവിഭാഗങ്ങളുടെ വിശ്വാസപരമായ താത്പര്യങ്ങളെ മാനിക്കാത്തതുമായ ഇത്തരം നിര്‍ദേശങ്ങളെ മതേതര തലത്തില്‍ നിന്നുകൊണ്ട് പ്രതിരോധിക്കാന്‍ ബാധ്യതപ്പെട്ടവര്‍ ഇതിന് പ്രോത്സാഹജനകമായ നിലപാട് കൈക്കൊള്ളുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. രാജ്യം ആത്മാവായി കരുതുന്ന മതേതര മൂല്യങ്ങള്‍ക്കുനേരെ വെല്ലുവിളി സൃഷ്ടിക്കാനുദ്ദേശിച്ചാണ് തത്പര കക്ഷികള്‍ ഏകസിവില്‍കോഡ് വീണ്ടും ചര്‍ച്ചയാക്കുന്നത്. ഭരണം മാറുന്നതിനനുസരിച്ച് രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ മാറ്റപ്പെടാവതല്ല. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള സൗഹൃദം ദൃഢപ്പെടുത്തുന്നതിന് പകരം അകല്‍ച്ചക്ക് ആക്കം കൂട്ടുന്ന ആലോചനകളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീന്‍ അയ്യൂബി മദ്‌റസയില്‍ രണ്ട് ദിവസമായി നടന്ന എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ സമിതി റിപ്പോര്‍ട്ടുകളിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് കെ അബ്ദുല്‍ കലാം, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, അബ്ദുര്‍റശീദ് നരിക്കോട്, എ എ റഹീം, കെ ഐ ബശീര്‍, എം കെ ഹാഷിര്‍ സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി, സി കെ റാഷിദ് ബുഖാരി, അശ്‌റഫ് അഹ്‌സനി ആനക്കര, അബ്ദുല്‍ കരീം നിസാമി, സി കെ ശക്കീര്‍, പി അല്‍അമീന്‍ അഹ്‌സനി നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സമാപന സംഗമത്തില്‍ അറുപതാം വാര്‍ഷിക പദ്ധതികള്‍ വിശദീകരിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, എം വി സിദ്ദീഖ് സഖാഫി സംബന്ധിച്ചു.

Latest