Connect with us

Malappuram

വിഷപ്പുക: റോഡ് ഉപരോധിച്ച പത്ത് പേര്‍ അറസ്റ്റില്‍; കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ

Published

|

Last Updated

തേഞ്ഞിപ്പലം: വിഷപ്പുകയുയര്‍ന്നെന്ന ആരോപണമുന്നയിച്ച് കാക്കഞ്ചേരിയില്‍ വ്യാഴാഴ്ച രാത്രി സ്വകാര്യ കമ്പനിയുടെ മുന്നില്‍ റോഡ് ഉപരോധിച്ച കേസില്‍ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചേലേമ്പ്ര പഞ്ചായത്ത് സെക്രട്ടറി ഇന്ന് കമ്പനിക്ക് മമ്മോ നല്‍കും. ചേലേമ്പ്ര സ്വദേശികളായ കാക്കഞ്ചേരി തണ്ടംവീട്ടില്‍ അബ്ദുള്‍റഷീദ് (35), മാവിന്‍ചുവട് തിരുതവളപ്പില്‍ സുനി (30), കാക്കഞ്ചേരി ചക്കിക്കുഴിയില്‍ സൈനുദ്ദീന്‍ (51), പളളിക്കല്‍ കാവുംപടി കല്ലിശ്ശേരിതൊടി മുഹമ്മദ് ഫൈസല്‍ (22), കാക്കഞ്ചേരി മടത്തൊടി റാഷിദ് (20), മാവിന്‍ചുവട് പാലിക്കോട് മുഹസിന്‍ (23), കോഴിപ്പുറം കല്ലുങ്ങല്‍ മുഹമ്മദലി (33), കോഴിപ്പുറം അബ്ദുസമദ് (28), മഠത്തില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (29), പളളിക്കല്‍ കുറുന്തല കുറ്റിയറങ്ങില്‍ റംഷാദ് (26) എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വിഷപ്പുക വന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ രാവിലെയും വൈകുന്നേരവും പ്രകടനം നടത്തുകയും ഉച്ചക്ക് 12 മണി വരെ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. ഈ പ്രതിഷേധത്തെ തുടര്‍ന്നാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് പരിസരവാസികള്‍ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് ലാത്തിവീശി. ബൈക്കുകളും ഓട്ടോയും അടക്കം 10 വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. യാത്രക്കാരുടെ നാല് വാഹനങ്ങള്‍ കമ്പനിക്കകത്ത് പിടിച്ചിട്ടു. പ്രതിഷേധിച്ച 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിസരവാസികളായ കുട്ടികളടക്കം എട്ടുപേര്‍ കോഴിക്കോട് കോയാസ് ആശുപത്രിയിലാണ്. യഥുരാജ് ഫസല്‍, വിഷ്ണു, അക്ഷൈ, അസ്‌ലു, ആദര്‍ശ എന്നീ കുട്ടികളെയും റുബീന, അബ്ദുല്‍ സലാം എന്നിവരെയുമാണ് അഡ്മിറ്റ് ചെയ്തത്.
കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ട് സമര സമിതി ഇന്നലെ വൈകുന്നേരം 4.30ന് പ്രകടനം നടത്തി. പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. വ്യഴാഴ്ച രാത്രി പോലീസ് ലാത്തിവീശി പരിസര വീടുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചെന്നും വാഹനങ്ങള്‍ തകര്‍ത്തെന്നും സമരസമിതി ആരോപിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത അബ്ദുറശീദിന ജാമ്യത്തില്‍ വിട്ടയച്ചു.