കാല്‍മാറി ശസ്ത്രക്രിയ: രോഗിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

Posted on: August 9, 2014 8:20 am | Last updated: August 9, 2014 at 8:20 am

തിരുവനന്തപുരം: ഇടതുകാലിന് പകരം വലതുകാലില്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടി തരുവണ സ്വദേശി സി എച്ച് റഫീഖിന് തുക അനുവദിച്ചത്. ശസ്ത്രക്രിയക്ക് ഉത്തരവാദിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. രാജേഷ് പുരുഷോത്തമനില്‍ നിന്ന് തുക ഈടാക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാലിലെ കമ്പി മാറ്റാനെത്തിയപ്പോഴാണ് റഫീഖിന് ദുരനുഭവമുണ്ടായത്. 2005 ല്‍ കവുങ്ങില്‍ നിന്ന് വീണ് പരുക്കേറ്റ റഫീഖിന്റെ കാലിന് ശസ്ത്രക്രിയക്ക് ശേഷം കമ്പിയിട്ടിരുന്നു. 2009ല്‍ മെഡിക്കല്‍ കോളജില്‍ കമ്പി മാറ്റാന്‍ പ്രവേശിക്കപ്പെട്ടപ്പോഴാണ് ജൂനിയര്‍ ഡോക്ടര്‍ ഇടതുകാലിലെ കമ്പി മാറ്റുന്നതിന് വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയത്. കാല്‍ മാറിപ്പോയെന്ന് മനസ്സിലായപ്പോള്‍ ഇടതുകാലിലും ശസ്ത്രക്രിയ നടത്തി.
പത്രവാര്‍ത്തകളെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എന്‍ ദിനകര്‍ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് എന്‍ ദിനകര്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരനാണ് കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. കാലുമാറി ശസ്ത്രക്രിയ നടത്തിയത് പിഴവാണെങ്കിലും മനുഷ്യസഹജമായ അബദ്ധമാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ഈ വിശദീകരണം തള്ളിയാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.