Connect with us

Ongoing News

ബാങ്ക് വായ്പക്ക് പ്രത്യേക പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: കലാപഭൂമികളായ ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന കേരളീയരുടെ വായ്പക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി കെ എം മാണി ആവശ്യപ്പെട്ടു. അതോടൊപ്പം ഇവര്‍ക്ക് പലിശയിളവ് നല്‍കണമെന്നും തിരിച്ചടവിന് സാവകാശം നല്‍കണമെന്നും മാണി നിര്‍ദ്ദേശിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. ധനമന്ത്രിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ പ്രത്യേക പദ്ധതിയുണ്ടാക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന കാനറാ ബാങ്കിന്റെ ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ കെ ദുബെ യോഗത്തില്‍ ഉറപ്പുനല്‍കി. കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കാന്‍ പോകുന്ന സമ്പൂര്‍ണ്ണ വിത്തേയ സമവേഷണ്‍’പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേകയോഗം ഇന്നലെ ചേര്‍ന്നത്.
രാജ്യത്തെ എല്ലാവരെയും ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിക്കുന്ന ഇന്‍ക്ലൂസീവ് ബാങ്കിംഗിന്റെ ഭാഗമാണ് ഈ പദ്ധതി. ഇറാക്കിലേയും ലിബിയയിലേയും കലാപം മൂലം നഴ്‌സുമാര്‍ ഉള്‍പ്പെടെ ഏകദേശം 1500 പേര്‍ മടങ്ങിയെത്തിയിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസ വായ്പകള്‍ക്കും അതുപോലെ മറ്റു വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് മാണി ആവശ്യപ്പെട്ടു. സമഗ്ര സാമ്പത്തിക പദ്ധതിയുടെ ഭാഗമായി ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. ഈ പദ്ധതിയില്‍ ഏറ്റവും പ്രധാനം ഭവനനിര്‍മ്മാണ പദ്ധതികളാണ്. ചേരിനിര്‍മ്മാര്‍ജജനവും പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണവും വേഗത്തിലാക്കണം. അവരുടെ വായ്പകളിന്‍ മേലുള്ള പലിശകള്‍ക്ക് ഇളവുകള്‍ നല്‍കണം. കേരളത്തില്‍ തന്നെ ഈ പദ്ധതിയുടെ ഭാഗമായി പത്തുലക്ഷത്തിലേറെ പുതിയ വീടുകള്‍ നിര്‍മ്മിക്കാനുണ്ട്. അഞ്ചരലക്ഷം എണ്ണത്തിന്റെ അറ്റകുറ്റപണികളും നടത്തേണ്ടതുണ്ട്. ഇതിനുളള നടപടികള്‍ വേഗത്തിലാക്കണം.
ഭവനനിര്‍മ്മാണത്തിനും മറ്റുമുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ഇതിനായി ലളിതവും ഉപഭോക്തൃസൗഹൃദവുമായ ഭവനനിര്‍മ്മാണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. ദുര്‍ബലര്‍ക്കും ഭൂരഹിതരായ ആദിവാസികള്‍ക്കും മറ്റും പ്രയോജനകരമായ രീതിയില്‍ ഇവ മാറ്റണമെന്നും മാണി പറഞ്ഞു.
ഭവനനിര്‍മ്മാണ വായ്പയുടെയും മറ്റും അപേക്ഷ സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കുമെന്ന് കാനറാബാങ്ക് സി എം ഡി ആര്‍ കെ ദുബെ അറിയിച്ചൂ. പാവപ്പെട്ടവര്‍ക്ക് ഭവനനിര്‍മ്മാണത്തിനും വിദ്യാഭ്യാസത്തിനും മറ്റുമുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ മിക്ക ബാങ്കുകള്‍ക്കുമുണ്ട്. അത് കൂടുതല്‍ ജനപ്രിയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ കടങ്ങളും എഴുതിത്തള്ളുകയെന്നതിന് പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ കൃത്യമായി പലിശ അടയ്ക്കുന്ന കടങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കാം. ഇന്ത്യയില്‍ ആദ്യമായി ഇന്‍ക്ല്യൂസിവ് ബാങ്കിംഗ് പൂര്‍ത്തിയാകുന്നത് കേരളത്തിലായിരിക്കും ഇവിടെ നാലോ അഞ്ചോ പഞ്ചായത്ത് ഒഴികെ ബാക്കി 9789 പഞ്ചായത്തുകളിലും ബാങ്കുകളുടെ ശാഖകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തില്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്‍, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം, കാര്‍ഷികവകുപ്പ് സെക്രട്ടറികെ ആര്‍ ജ്യോതിലാല്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ നിര്‍മ്മല്‍ ചന്ദ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ് തെന്‍കില്‍, ബി.എസ്.എന്‍.എല്‍. ചീഫ് ജനറല്‍ മാനേജര്‍ എം എസ് എസ് റാവു തുടങ്ങിയവര്‍ സംബന്ധിച്ചു

 

Latest