ഗാസയില്‍ നാല് ലക്ഷം കുട്ടികള്‍ക്ക് വിഷാദ രോഗം

Posted on: August 9, 2014 1:04 am | Last updated: August 9, 2014 at 1:04 am

ഗാസ സിറ്റി: ഗാസ മുനമ്പില്‍ നാല് ലക്ഷത്തോളം കുട്ടികള്‍ക്ക് വിഷാദ രോഗമെന്ന് യുനിസെഫ് (യുനൈറ്റഡ് നാഷനസ് ചില്‍ഡ്രണ്‍സ് ഫണ്ട്). കിടക്കയില്‍ മൂത്രമൊഴിക്കുക, എപ്പോഴും രക്ഷിതാക്കള്‍ കൂടെയുണ്ടാകണമെന്ന് വാശി പിടിക്കുക, പേടിസ്വപ്‌നങ്ങള്‍ കണ്ട് നിലവിളിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് മനഃശാസ്ത്ര സഹായം അനിവാര്യമാണെന്ന് യു എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി. ഗാസയിലെ 18 ലക്ഷം ജനങ്ങളില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്. 28 ദിവസം നീണ്ടുനിന്ന ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ 429 കുട്ടികളാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മൂന്ന് തവണയുണ്ടായ ഗാസ ആക്രമണങ്ങളില്‍ ഇത്തവണത്തേത് ഏറ്റവും ദീര്‍ഘിച്ചതും കൂടുതല്‍ ആള്‍നഷ്ടവും നാശനഷ്ടവും ഉണ്ടായതുമായിരുന്നെന്ന് യൂനിസെഫ് പ്രതിനിധി ജൂനെ കുനുഗി അറിയിച്ചു. മരിച്ചവരുടെയും തകര്‍ന്ന വസ്തുവകകളുടെയും കണക്ക് വാക്കുകള്‍ക്കപ്പുറമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ മുറിവുകള്‍ സുഖപ്പെടുത്തലും തകര്‍ന്നു തരിപ്പണമായ ഗാസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃനിര്‍മിക്കലും ശ്രമകരമായിരിക്കുമെന്ന് കുനുഗി ചൂണ്ടിക്കാട്ടി.
2744 കുട്ടികള്‍ക്ക് പരുക്കേറ്റുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടെന്ന് യൂനിസെഫ് അറിയിച്ചു. ഇവരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റെന്നും ഇതിന് ഗാസയില്‍ ചികിത്സ ലഭ്യമല്ലെന്നും അതിനാല്‍ ഗാസക്ക് പുറത്തേക്ക് ചികിത്സക്ക് കൊണ്ടുപോകേണ്ടതുണ്ടെന്നും യുനിസെഫ് പറയുന്നു. 65,000 പേര്‍ ഭവനരഹിതരായിട്ടുണ്ട്. യു എന്നിന്റെ ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞെന്നും ഇപ്പോഴുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും രോഗം പടരുന്നത് തടയാന്‍ ശുദ്ധമായ പശ്ചാത്തലവും ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും യു എന്‍ ഏജന്‍സി അറിയിച്ചു. കുട്ടികള്‍ക്കിടയില്‍ അതിസാരവും ചര്‍മരോഗവും പടരുകയാണ്. 15 ലക്ഷം പേര്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ കുടിവെള്ള വിതരണവും ശൗചാലയ പ്രവര്‍ത്തനവും ആരോഗ്യ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണെന്നും യുനിസെഫ് അറിയിച്ചു.