ഫലസ്തീന് കേരളത്തിന്റെ സാന്ത്വനസ്പര്‍ശം

Posted on: August 8, 2014 10:35 pm | Last updated: August 8, 2014 at 10:43 pm
Palastine Sadassil N Ali Abdulla Prasamgikkunnu
കോഴിക്കോട് മര്‍കസി മസ്ജിദില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ എന്‍. അലി അബ്ദുല്ല പ്രസംഗിക്കുന്നു

പള്ളികളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സുകളും ഫണ്ട് ശേഖരണവും
കോഴിക്കോട്: ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കുന്നതിന് പള്ളികളില്‍ നടത്തിയ ഫണ്ട് ശേഖരണത്തിന് വമ്പിച്ച പ്രതികരണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനപ്രകാരമാണ് ഇന്നലെ ജുമുഅക്ക് ശേഷം ഫണ്ട് ശേഖരണം നടന്നത്. ജുമുഅ നിസ്‌കാരത്തിനെത്തിയ ചെറിയ കുട്ടികളടക്കമുള്ള വിശ്വാസികള്‍ ഫലസ്തീനെ സഹായിക്കാന്‍ ആവേശത്തോടെ മുന്നോട്ട് വരുന്ന കാഴ്ചയാണ് പള്ളികളില്‍ കണ്ടത്. യുവാക്കളടക്കമുള്ളവര്‍ ഫണ്ട് ശേഖരണത്തിന് മുന്നിട്ടിറങ്ങി. മഹല്ലുകളില്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നത്.

പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് പിന്തുണയര്‍പ്പിച്ച് ജുമുഅക്ക് ശേഷം പള്ളികളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ്സുകളും സംഘടിപ്പിച്ചു. കോഴിക്കോട് മര്‍കസി മസ്ജിദില്‍ സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍.അലി അബ്ദുല്ല ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും അല്ലാത്ത പക്ഷം അത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കാണ് ലോകത്തെ നയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്രാജ്യത്വ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയടക്കമുള്ള നടപടികളിലൂടെ പ്രതിഷേധം ശക്തമാക്കാന്‍ നമുക്ക് കഴിയണം. ഗാസയിലേതടക്കമുള്ള ഫലസ്തീനിലെ ഇസ്രയേലിന്റെ നിയമവിരുദ്ധ കൈയ്യേറ്റങ്ങളെ തുടക്കം മുതല്‍ എതിര്‍ത്ത് വരുന്ന ഇന്ത്യ ആ നയത്തില്‍ നിന്നും പുറകോട്ട് പോകാതെ മേഖലയുടെ സമാധാനപാലനത്തിന് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.