Connect with us

First Gear

ബ്രേക്ക് തകരാര്‍: ഹ്യുണ്ടായിക്ക് 106 കോടി രൂപ പിഴ ചുമത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: കാറിന് ബ്രേക്ക് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിക്ക് അമേരിക്കന്‍ ഗവണ്‍മെന്റ് വന്‍ തുക പിഴ ചുമത്തി. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് ഹ്യൂണ്ടായിക്ക് 17.35 ദശലക്ഷം ഡോളര്‍ (106.14 കോടി ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്.

2009-2012 കാലയളവില്‍ ഹ്യുണ്ടായി പുറത്തിറക്കിയ ജെനസിസ് കാറുകളിലാണ് ബ്രേക്ക് തകരാര്‍ കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ച ബ്രേക്ക് ഓയില്‍ ബ്രേക്കിംഗ് സംവിധാനത്തിന് തുരുമ്പ് വരാതെ സൂക്ഷിക്കാന്‍ പര്യാപ്തമായിരുന്നില്ല. ഇത് ബ്രേക്കിംഗ് ക്ഷമതയെ ബാധിക്കുകയും വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. എന്നാല്‍ 2012ല്‍ ഇത് കമ്പനി തിരിച്ചറിഞ്ഞെങ്കിലും കാറുകള്‍ തിരിച്ചുവിളിക്കാന്‍ തയ്യാറായില്ല. ഇത്തരമൊരു തകരാറുള്ളത് ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തില്ല. പകരം ഡീലര്‍മാരോട് ബ്രേക്ക് സിസ്റ്റത്തിലെ തകരാര്‍ പരിഹരിച്ച് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം വന്നതിന് തൊട്ടുപിന്നാലെ ഹ്യുണ്ടായി 27,500 കാറുകള്‍ തിരിച്ചുവിളിക്കുകയും ചെയ്തു.

ഗുരുതരമായ ഒരു അപാകത കണ്ടെത്തിയിട്ടും അത് ഉപഭോക്താക്കളെ അറിയിക്കാതിരുന്നതിനാണ് ഹ്യൂണ്ടായിക്ക് വന്‍ തുക പിഴ ചുമത്തിയത്. ഇതിനകം 70 ശതമാനം ജെനസിസ് കാറുകളിലെയും തകരാര്‍ പരിഹരിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു.