ഹജ്ജ് നയം തിരുത്തണം: സുപ്രീം കോടതി

Posted on: August 8, 2014 7:28 am | Last updated: August 8, 2014 at 7:29 am

supreme courtന്യൂഡല്‍ഹി: ഹജ്ജ് നയത്തില്‍ തിരുത്തല്‍ വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഉടനെ ക്വാട്ട വീതിച്ചു നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച ഹജ്ജ് വിധി ലംഘിച്ച് 2014ലെ ഹജ്ജ് നയം രൂപവത്കരിച്ച കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി വിധിക്ക് വിരുദ്ധമായി 2014ലെ ഹജ്ജ് നയം സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയതിന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിച്ച സുപ്രീം കോടതി, വിവാദ വ്യവസ്ഥ ഉടനെ തിരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍, കോടതി ഈ വാദം അംഗീകരിച്ചില്ല.

സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്ററുമായി ബന്ധപ്പെട്ട രണ്ട് വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. സ്വകാര്യ ക്വാട്ടക്ക് അപേക്ഷിക്കുന്നവര്‍ മൂന്ന് വര്‍ഷത്തെ പണമിടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കണമെന്ന 2014ലെ ഹജ്ജ് നയത്തിലെ ഏഴാം വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഈ വ്യവസ്ഥ റദ്ദാക്കിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ച 21 സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരുടെ അപേക്ഷകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ മറ്റു മാനദണ്ഡങ്ങള്‍ ഇവര്‍ക്കും ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങള്‍ ഒരു കോടി വാര്‍ഷിക വിറ്റുവരവ് കാണിക്കണമെന്ന വ്യവസ്ഥ പരിഗണിക്കേണ്ടെന്ന മുംബൈ ഹൈക്കോടതി വിധിയും കോടതി റദ്ദാക്കിയിട്ടുണ്ട്.
എന്നാല്‍, ഈ വ്യവസ്ഥകള്‍ മാറ്റിയാലും ഹരജിക്കാരായ പല അപേക്ഷകരും മറ്റു മാനദണ്ഡങ്ങള്‍ പ്രകാരം സ്വകാര്യ ക്വാട്ടക്ക് യോഗ്യരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.