കെ എസ് ആര്‍ ടി സി രക്ഷപ്പെടണമെങ്കില്‍

Posted on: August 8, 2014 1:57 am | Last updated: August 8, 2014 at 1:57 am

SIRAJ.......വല്ലാത്തൊരു പ്രതിസന്ധിയിലാണ് കെ എസ് ആര്‍ ടി സി. അനുദിനം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കയാണ് ഈ പൊതു മേഖലാ സ്ഥാപനം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല. 38000 ത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്കു മൂന്നുമാസമായി പെന്‍ഷന്‍ നല്‍കുന്നില്ല. മാസാമാസം സര്‍ക്കാര്‍ സഹായിക്കുന്നത് കൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. നഷ്ടത്തിലോടുന്ന കോര്‍പറേഷന് ഇനിയും പണം നല്‍കാനാകില്ലെന്ന നിലപാടിലാണ് ധനകാര്യ വകുപ്പ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം നഷ്ടപ്പെടുത്തി എന്തിന് സ്ഥാപനം നടത്തിക്കൊണ്ടു പോകണമെന്നാണ് കോടതി ചോദിക്കുന്നത്. ചുരുങ്ങിയ പക്ഷം സ്ഥാപനത്തെ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയാക്കുന്ന കാര്യമെങ്കിലും ആലോചിക്കണമെന്ന് കോടതി ഇന്നലെ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കയാണ്.
പെട്ടെന്നുണ്ടായതല്ല കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി. ദശാബ്ദങ്ങളായി നഷ്ടത്തിലാണ് സ്ഥാപനം. ശക്തമായ മാനേജ്‌മെന്റിന്റെ അഭാവം, ഉദ്യോഗസ്ഥ മേധാവികളുടെ കെടുകാര്യസ്ഥത, തൊഴിലാളികളുടെ ആത്മാര്‍ഥതയില്ലായ്മ, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ തുടങ്ങിയവയാണ് കാരണം. മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും യൂനിയന്‍ നേതാക്കള്‍ക്കും വേണ്ടിയാണോ ഇത് നടത്തുന്നതെന്ന് സംശയിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് സ്ഥാപനത്തില്‍ കണ്ടുവരുന്നത്. തലപ്പത്തിരിക്കുന്നവര്‍ക്ക് അതിന്റെ വളര്‍ച്ചയില്‍ താത്പര്യമില്ല. നന്നായി നടത്തിക്കൊണ്ടു പോകണമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ രാഷ്ട്രീയക്കാരും യൂനിയനുകളും സമ്മതിക്കുകയുമില്ല. പലപ്പോഴും രാഷ്ട്രീക്കാരുടെ സമ്മര്‍ദത്തിനനുസൃതമായാണ് പുതിയ റൂട്ടുകള്‍ അനുവദിക്കുന്നതും ഷെഡ്യൂളുകള്‍ ക്രമീരിക്കുന്നതും. ശാസ്ത്രീയമായി പഠനം നടത്തി ലാഭകരമാകുമോ എന്ന് കണ്ടെത്തിയായിരിക്കണം റൂട്ടുകള്‍ അനുവദിക്കേണ്ടതെന്ന ചട്ടം പാലിക്കപ്പെടാറില്ല. ജനപ്രതിനിധികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആളില്ലാ റൂട്ടുകളില്‍ പോലും സര്‍വീസ് നടത്തുന്ന ബസുകള്‍ ധാരാളമുണ്ട്.
സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ അത് അട്ടിമറിക്കുന്നതും ഭരണ തലപ്പത്തുള്ളവര്‍ തന്നെയാണ്. സ്വകാര്യ ബസ് മുതലാളിമാരില്‍ പലരും മന്ത്രിമാരുടെയും എം എല്‍ എമാരുടെയും സ്വന്തക്കാരോ വേണ്ടപ്പെട്ടവരോ ആയിരിക്കും. ഇവര്‍ക്ക് വേണ്ടിയാണ് പലപ്പോഴും കെ എസ് ആര്‍ സി യെ ബലി കൊടുക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് കഴിഞ്ഞ വര്‍ഷം മന്ത്രിസഭ തീരുമാനിച്ചതാണ്. നിലവില്‍ പെര്‍മിറ്റുളള സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി നീട്ടിക്കൊടുക്കരുതെന്നും ആ റൂട്ടുകള്‍ കെ എസ് ആര്‍ ടി സി ഏറ്റെടുത്തു നടത്തണമെന്നുമായിരുന്നു തീരുമാനം. ഇതനുസരിച്ച് ജൂണ്‍, ജൂലൈ മാസം മുതല്‍ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്ന ബസുകള്‍ക്ക് പകരം സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സി തയ്യാറെടുക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മുന്‍തീരുമാനം കാറ്റില്‍ പറത്തി ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധി നീട്ടിക്കൊടുക്കാന്‍ കഴിഞ്ഞ മാസം മന്ത്രിസഭ തീരുമാനിച്ചത്. പിന്നെങ്ങനെയാണ് ഈ സ്ഥാപനം രക്ഷപ്പെടുന്നത്? വസ്തുവഹകള്‍ വിറ്റു ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കി സ്ഥാപനം അടച്ചുപൂട്ടിക്കൂടേയെന്ന് കോടതി ചോദിക്കേണ്ടി വന്നതിന്റെ സാഹചര്യം ഭരണത്തിലിരിക്കുന്നവരുടെയും രാഷ്ട്രീയക്കാരുടെയും ഇത്തരം അനധികൃത ഇടപെടലുകളായിരിക്കണം. ലാഭത്തിലോടുന്ന കെ എസ ആര്‍ ടി സി ബസുകളുടെ റൂട്ടുകളില്‍ അവയുടെ സമയത്തിനു തൊട്ടു മുമ്പായി സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന ബസ് മുതലാളിമാരുടെ ചില പിണിയാളുകള്‍ ഉദ്യോഗസ്ഥ വിഭാഗത്തിലുമുണ്ട്. ഇത്തരം ജനപ്രതിനിധികളും ഉദ്യാഗസ്ഥരും ഉള്ള കാലത്തോളം ഈ സ്ഥാപനത്തെ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് രക്ഷപ്പെടുത്താനാകില്ല.
കോടതി അഭിപ്രായപ്പെട്ടത് പോലെ കമ്പനിയാക്കുകയാണ് സ്ഥാപനം രക്ഷപ്പെടാന്‍ ഇനിയുള്ള മാര്‍ഗം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മാതൃകയില്‍ സ്വകാര്യ പങ്കാളിത്വത്തോടെ കെ എസ് ആര്‍ സി യെ കമ്പനിയാക്കുകയും കൂടുതല്‍ റൂട്ടുകള്‍ ദേശസാത്കരിക്കുകയും ചെയ്താല്‍ ലാഭകരമാക്കാമെന്ന നിര്‍ദേശം നേരത്തെ പലരും മുന്നോട്ട് വെച്ചതാണ്. കമ്പനിയാകുന്നതോടെ കാര്യക്ഷമായി നടത്തക്കൊണ്ടു പോകാനും രഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിക്കാനും ആര്‍ജവമുള്ളവര്‍ തലപ്പത്തു വരികയും സ്ഥാപനം രക്ഷപ്പെടുകയും ചെയ്യും. സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നവര്‍ക്ക് അവരുടെ ബസ്സുകള്‍ കമ്പനിക്കു കൈമാറി ഷെയര്‍ കൂടുകയുമാകാം. അതല്ലാതെ എത്രകാലമാണ് സര്‍ക്കാറിന്റെ ധനസഹായവും പ്രതീക്ഷിച്ചു