കൊടുവള്ളിയില്‍ ഒന്നേകാല്‍ കോടിയുടെ കുഴല്‍പ്പണ വേട്ട

Posted on: August 8, 2014 1:47 am | Last updated: August 8, 2014 at 1:47 am

കൊടുവള്ളി: ഒന്നേകാല്‍ കോടിയോളം വരുന്ന കുഴല്‍പ്പണം പോലീസ് പിടികൂടി. നാല് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയിലായി. വാരിക്കുഴിത്താഴത്തെ മഹാരാഷ്ട്ര സ്വദേശിയായ ധര്‍മരാജന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ ദീപക് (30), ലാവിഷ് (25), വിജയ് (27), ദത്ത (26) എന്നിവരാണ് പിടിയിലായത്.
വീട്ടില്‍ ഗോവണിപ്പടിക്കടിയില്‍ ബാഗില്‍ സൂക്ഷിച്ച 1,22,22,200 രൂപയാണ് പിടികൂടിയത്. ബംഗളുരൂവില്‍ നിന്ന് വിതരണത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് പോലീസ് പറഞ്ഞു.
ഏഴ് കിലോ വെള്ളിയും രണ്ട് ഇന്നോവ കാറും കണ്ടെടുത്തിട്ടുണ്ട്. രാവിലെ എട്ട് മണിയോടെ ഷാഡോ പോലീസും കൊടുവള്ളി പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പണം പിടികൂടിയത്. വടകര റൂറല്‍ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് വീട് വളയുകയായിരുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്.
പിടികൂടിയവരെയും പിടിച്ചെടുത്ത പണവും എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. റൂറല്‍ എസ് പി. പി എച്ച് അശ്‌റഫ്, ഡിവൈ എസ് പി ജയ്‌സന്‍ കെ അബ്രഹാം, കൊടുവള്ളി സി ഐ. എ പ്രേംജിത്ത്, എസ് ഐ ഒ. ജെ ജോസഫ്, പ്രേമന്‍, ശ്രീനിവാസന്‍, ഷാഡോ പോലീസിലെ ഗിരീഷ്, ശംസു, വിജീഷ്, സുബേഷ്ജിത്ത്, ഗോകുല്‍ രാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.