Connect with us

Eranakulam

അരുന്ധതി റോയിയുടെ പരാമര്‍ശം: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം- കടന്നപ്പള്ളി

Published

|

Last Updated

കൊച്ചി: ഗാന്ധിജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ പാടില്ലെന്നും കേസെടുത്താല്‍ എതിര്‍ക്കുമെന്നും കെ പി സി സി. ഉപാധ്യക്ഷന്‍ വി ഡി. സതീശന്‍ എം എല്‍ എ അഭിപ്രായപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
അരുന്ധതിറോയി നടത്തിയപരാമാര്‍ശത്തിനെതിരെ താന്‍ നടപടിവേണമെന്നാവശ്യപ്പെട്ടപ്പോള്‍ ഉചിതമായ നടപടിയുണ്ടാവുമെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയത്. എന്നാല്‍ ഗാന്ധി നിന്ദ തുടരുന്നതിനുള്ള സാഹചര്യം ഉണ്ടാകുമോ അതോ നടപടികള്‍ ഉണ്ടാവുമോയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെകുറിച്ചുള്ള അരുന്ധതീറോയിയുടെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ പൗരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരും മഹാത്മാഗാന്ധിയെ അവഹേളിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ദേശീയതൊഴിലുറപ്പു പദ്ധതിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേരുമാറ്റുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ക്വിറ്റ് ഇന്ത്യ ദിനമായ ഒന്‍പതിന് ദേശീയപുനര്‍ അര്‍പ്പണദിനമായി ആചരിക്കുമെന്നും മഹാത്മാഗാന്ധിയെ നിന്ദിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്നേദിവസം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ കോണ്‍ഗ്രസ് (എസ)് ഉപവാസം സംഘടിപ്പുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ഖാദര്‍, അഷറഫ്, സന്തോഷ്, ടി വി വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

Latest