തമിഴ്‌നാട്ടില്‍ ഇനി ‘അമ്മ’ വിത്തുകളും

Posted on: August 8, 2014 12:51 am | Last updated: August 8, 2014 at 12:51 am

jayalalitha1ചെന്നൈ: അമ്മ എന്ന പേരില്‍ പുറത്തിറക്കുന്ന വിവിധ ബ്രാന്‍ഡുകള്‍ക്കൊപ്പം ഇനി അമ്മ വിത്തുകളും. സംസ്ഥാനത്തുടനീളമായി പ്രവര്‍ത്തിക്കുന്ന അമ്മ അമുധം ഷോപ്പുകളില്‍ നിന്നാണ് അമ്മ വിത്തുകള്‍ ലഭ്യമാകുകയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍ ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വിത്ത് ഏജന്‍സികളുമായും വിത്ത് ഉത്പാദന യൂനിറ്റുകളുമായും സഹകരിച്ച് അമ്മ സീഡ് ഏജന്‍സി ആരംഭിക്കുമെന്ന് നിയമസഭയില്‍ ഒരു പ്രസ്താവനയില്‍ ജയലളിത ചൂണ്ടിക്കാട്ടി. 156.74 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തുന്നത്. ആവശ്യമായ ജോലിക്കാരെയും ഇതിന് വേണ്ടി നിയോഗിക്കും. കുറഞ്ഞ വിലക്ക് അമ്മ സ്റ്റാളുകള്‍ വഴിയായിരിക്കും ഈ വിത്തുകള്‍ വില്‍പ്പന നടത്തുകയെന്നും പ്രസ്താവനയില്‍ അവര്‍ പറഞ്ഞു.
ധാന്യ ഉത്പാദനത്തില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ഈ പുതിയ സംരഭവുമായി മുന്നോട്ടുവന്നിരിക്കുന്നത്. മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷം മോശമായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം മൊത്തം ധാന്യ ഉത്പാദനം110 ലക്ഷം ടണ്ണായിരുന്നു. ഈ വര്‍ഷം 145 ലക്ഷം ടണ്ണാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഈ ലക്ഷ്യം നേടാന്‍ മിതമായ വിലക്ക് ഗുണനിലവാരമുള്ള വിത്തുകള്‍ കര്‍ഷകര്‍ക്ക് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നിലവില്‍ 385 റവന്യൂ ബ്ലോക്കുകളിലൂടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വിത്ത് വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെയാണ് അമ്മ വിത്തുകള്‍ കൂടി നല്‍കി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നത്.