കുളത്തൂര്‍ കോളനിയിലെ മൂന്ന് രോഗികള്‍ക്ക് മന്ത്രിയുടെ ഒരു ലക്ഷം രൂപ ചികിത്സാ സഹായം

Posted on: August 7, 2014 10:34 am | Last updated: August 7, 2014 at 10:34 am

pk jayalakshmiകല്‍പ്പറ്റ: പുല്‍പ്പള്ളി കുളത്തൂര്‍ കോളനിയില്‍ മാരക രോഗം ബാധിച്ച പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മൂന്നുപേര്‍ക്ക് ചികില്‍സാസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
ഇവര്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കാന്‍ കഴിഞ്ഞദിവസം മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍ദേശം നല്‍കിയിരുന്നു. പുല്‍പ്പള്ളി പഞ്ചായത്തിലെ മേലെ കുളത്തൂര്‍ പണിയ കോളനിയിലെ കൊളുമ്പന് 50,000 രൂപയും, ചന്ദ്രന്‍, മമ്മി മുരത്തി എന്നിവര്‍ക്ക് 25,000 രൂപ വീതവുമാണ് വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്. ഇവര്‍ക്ക് ചികില്‍സ ലഭിക്കുന്നില്ലെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഉത്തരവെന്നും മന്ത്രി അറിയിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറില്‍നിന്ന് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കിടപ്പിലായ കൊളുമ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരത്തില്‍നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് അരക്കുതാഴെ തളര്‍ന്നുകിടക്കുന്ന കുളത്തൂര്‍ കോളനിയിലെ ചന്ദ്രന് ആയുര്‍വ്വേദ ചികില്‍സ നല്‍കുന്നതിന് നടപടി സ്വീകരിച്ചു.
ചീയമ്പം 73 കോളനിയിലെ മമ്മി മുരത്തി എന്ന തോലി ക്യാന്‍സര്‍ രോഗം ബാധിച്ച് ചികില്‍സയിലാണ്. നല്ലൂര്‍നാട് ആശുപത്രി, പുല്‍പ്പള്ളി പി.എച്ച്.സി. എന്നിവിടങ്ങളില്‍ രോഗിയെ നേരത്തെ ചികില്‍സക്ക് എത്തിച്ചിരുന്നു.
ഇവര്‍ക്ക് പാലിയേറ്റീവ് കെയര്‍ മുഖേന ചികില്‍സ നല്‍കിവരുന്നുണ്ട്. അനന്തര നടപടികള്‍ സ്വീകരിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവരെ കൂടാതെ, തെങ്ങില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന വയനാട് നായ്ക്കട്ടി പണിപ്പുരയ്ക്കല്‍ കൂരിയുടെ മകന്‍ ബിജു, ശരീരത്തിന്റെ ഇടതുവശം തളര്‍ന്നുകിടക്കുന്ന പാലക്കാട് ജില്ലയിലെ മുതലമട മീങ്കര ഡാം ചെമ്മണ്ണംതോട് ചിന്നന്‍ എന്നിവര്‍ക്ക് 30,000 രൂപ വീതവും തിരുവനന്തപുരം ജില്ലയില്‍ പെരിങ്കമല പഞ്ചായത്തില്‍ ഇയ്യക്കോട് തടത്തരികത്തുവീട്ടില്‍ മോഹനന്‍ കാണിയുടെ മകന്‍ സംസാരശേഷിയില്ലാത്ത മോഹന്‍ലാല്‍, വിവിധ രോഗങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായി വന്ന മാനന്തവാടി തവിഞ്ഞാല്‍ വിമലനഗര്‍ വെള്ളരിവയല്‍ കോളനിയിലെ ശശി, തലക്ക് ക്യാന്‍സര്‍ ബാധിച്ച പത്തനംതിട്ട ജില്ലയിലെ അത്തിക്കയം നാറാണംമുഴി കുടമുരുട്ടി അംബേദ്ക്കര്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ അമ്പിളി എന്നിവര്‍ക്ക് 40,000 രൂപ വീതവും ഓട്ടിസം ബാധിച്ച് തളര്‍ന്നുകിടക്കുന്ന കല്‍പ്പറ്റ പുളിയാര്‍മല കരടിമണ്ണ് കോളനിയിലെ ബിന്ദുവിന്റെ മകള്‍ വിജിഷക്ക് 25,000 രൂപയും ബാല ടി.ബി. ബാധിച്ച മാനന്തവാടി കമ്മന കളരിയില്‍ ഷണ്‍മുഖദാസിന്റെ മകള്‍ അഭിനന്ദ, മസ്തിഷ്‌ക്ക സംബന്ധമായ രോഗം ബാധിച്ച കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ അവിടനല്ലൂര്‍ കാരക്കൂട്ടത്തില്‍ ബാലന്‍, കിഡ്‌നി രോഗം ബാധിച്ച മാനന്തവാടി അഞ്ചുകുന്ന് ലക്ഷംവീട് കോളനിയിലെ കയമ, ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലുള്ള പത്തനംതിട്ട റാന്നി പഴവനങ്ങാടി നാറാണംമൂഴ് പാറത്തടത്തില്‍ അമ്മിണി സുകുമാരന്‍ എന്നിവര്‍ക്ക് 20,000 രൂപ വീതവും അടിയന്തിര ചികില്‍സ ആവശ്യമുള്ള വിവിധ ജില്ലകളിലെ മറ്റ് 13 പേര്‍ക്ക് 10,000 രൂപ വീതവും മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിച്ചിട്ടുണ്ട്.