ചെറുപുഴ പാലം വെള്ളത്തില്‍; ജനം ദുരിതത്തിലായി

Posted on: August 7, 2014 10:33 am | Last updated: August 7, 2014 at 10:33 am

മാനന്തവാടി: പാലത്തില്‍ വെള്ളം കയറിക്കിടക്കുന്നതിലെ ദുരിതമകറ്റാന്‍ മഴയൊന്നു ശമിക്കണമെന്ന പ്രാര്‍ഥനയിലാണ് ഒഴക്കോടിക്കാര്‍. മാനന്തവടി പഞ്ചായത്തിലെ 20ാം വാര്‍ഡായ ഒഴക്കോടിയേയും 19ാം വാര്‍ഡായ പരിയാരം കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുപുഴ പാലത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്നാഴ്ചയോളമായി ഗതാഗതം മുടങ്ങിയ അവസ്ഥയിലാണ്. പാലത്തിന്‍െര്‍ 10 മീറ്റര്‍ ദൂരം കടന്നാല്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് മാനന്തവാടിയില്‍ എത്താന്‍ കഴിയുന്ന ഒഴക്കോടിക്കാര്‍ ഇപ്പോള്‍ നാല് കിലോമീറ്റര്‍ അധികം സഞ്ചരിച്ച് പാലക്കുളി വഴിയാണ് മാനന്തവാടിയില്‍ എത്തുന്നത്.യാത്രാക്കൂലിയിനത്തില്‍ 14 രൂപയുണ്ടായിരുന്നെങ്കില്‍ മാനന്തവാടിയില്‍ പോയി മടങ്ങാന്‍ ഒഴക്കോടിക്കാര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ 34 രൂപ ചെലവിടേണ്ട അവസ്ഥയാണ്.
ദിവസവും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളാണ് ഇത് മൂലം ഏറെ വിഷമിക്കുന്നത്. ഭൂരിഭാഗവും സാധാരണക്കാരുടെ മക്കളാണ് യാത്ര ചെയ്യുന്നത്. പാലം നിര്‍മ്മിക്കാന്‍ നാല് കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ടെണ്ടര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ അടുത്ത മഴക്കാലവും ഈ പ്രദേശത്തുകാരുടെ ദുരിതത്തിന് അറുതിയാകില്ല.