ഭാര്യയേയും മകളെയും അയല്‍വാസി തട്ടിക്കൊണ്ടു പോയെന്ന്

Posted on: August 6, 2014 10:27 am | Last updated: August 6, 2014 at 10:27 am

കല്‍പ്പറ്റ: ഭാര്യയേയും മകളെയും അയല്‍വാസിയായ യുവാവ് തട്ടിക്കൊണ്ടുപോയതായി നടവയല്‍ നെയ്ക്കുപ്പ സ്വദേശി തേക്കുംകര വീട്ടില്‍ എസ്. കനകരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കനകരാജന്റെ ഭാര്യ ശ്രീജ(38), ആറുവയസ്സുള്ള ഇളയമകള്‍ എന്നിവരെയാണ് അയല്‍വാസിയായ കെട്ടിടനിര്‍മ്മാണതൊഴിലാളി ജിന്‍കുമാര്‍ തട്ടിക്കൊണ്ടുപോയത്.
വീടുപണിക്കായി സൂക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണാഭരണങ്ങളും ഇവര്‍ കൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മാസം 25നാണ് ഇവരെ കാണാതായത്. ഇതു സംബന്ധിച്ച് കേണിച്ചിറ പൊലീസില്‍ അന്നുതന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിനാല്‍ ജൂലൈ മാസം ആറാം തീയതി വീണ്ടും പരാതി നല്‍കി.
ഇതിനും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് ജൂലൈ 31ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. ഇതേത്തുടര്‍ന്ന് കേണിച്ചിറ പൊലീസ് കനകരാജനെ ഫോണില്‍ വിളിച്ച് ഇതിന്റെ പേരില്‍ പോലീസിനെ വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞതായും ഇവര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പൊലീസ് അനാസ്ഥ അവസാനിപ്പിച്ച് കാര്യമായ അന്വേഷണം നടത്തണമെന്നും തന്റെ മകളെയും ഭാര്യയേയും നഷ്ടപ്പെട്ട പണവും കണ്ടെത്താന്‍ നടപടിയെടുക്കണമെന്നും കനകരാജന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കനകരകജന്റെ മൂത്ത മകളും പട്ടികജാതി-വര്‍ഗ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഇ.എന്‍ രാജപ്പനും പങ്കെടുത്തു.