Connect with us

Ongoing News

ആര്‍ എസ് പിക്ക് സീറ്റ് നല്‍കില്ലെന്ന് പറഞ്ഞിട്ടില്ല: വൈക്കംവിശ്വന്‍

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നല്‍കാത്തതുകൊണ്ടാണ് ആര്‍ എസ് പിക്ക് എല്‍ ഡി എഫ് വിടേണ്ടി വന്നതെന്ന ചന്ദ്രചൂഢന്റെ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍ എസ് പി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ആര്‍ എസ് പി പ്രതിനിധികള്‍ കൊല്ലം സീറ്റ് തങ്ങള്‍ക്ക് ലഭിക്കണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പത്രത്തില്‍ പത്തനംതിട്ട സീറ്റ് മാറ്റിവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത കണ്ടുവെന്നും ഞങ്ങള്‍ക്ക് പത്തനംതിട്ട സീറ്റോ മറ്റ് ഏതെങ്കിലും സീറ്റോ വേണ്ടെന്നും; കൊല്ലം സീറ്റ് മാത്രം മതിയെന്നും ചര്‍ച്ചക്കിടയില്‍ പ്രേമചന്ദ്രന്‍ ഉറപ്പിച്ച് പറഞ്ഞു. എല്ലാ കാര്യങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്ന് അവരോട് പറയുകയും ചെയ്തു. എന്നാല്‍, പുറത്തിറങ്ങി പത്രക്കാരോട് തങ്ങള്‍ ഇനി ഇങ്ങോട്ടില്ലെന്ന് പറയുകയാണ് ആര്‍ എസ് പി പ്രതിനിധികള്‍ ചെയ്തത്. അതിനുശേഷം അവരുടെ ഓഫീസിലേക്ക് എത്തുമ്പോഴേക്കും അവരെ സ്വീകരിക്കാന്‍ ഷിബു ബേബിജോണ്‍ തയ്യാറായി നില്‍പുണ്ടായിരുന്നു. അദ്ദേഹം മാലയിട്ട് ആര്‍ എസ് പി പ്രതിനിധികളെ സ്വീകരിച്ചു.
അന്ന് ഉച്ചക്ക് നടക്കുന്ന എല്‍ ഡി എഫ് യോഗത്തിന് മുന്നോടിയായി മൂന്ന് തവണ കണ്‍വീനര്‍ എന്ന നിലയില്‍ വിളിച്ചിരുന്നു. അങ്ങോട്ട് ഇല്ലെന്ന് പറഞ്ഞില്ലേ എന്നായിരുന്നു ഈ ഘട്ടങ്ങളിലെല്ലാം ഉണ്ടായ മറുപടി. യോഗത്തില്‍ ആര്‍ എസ് പി പ്രതിനിധികളെ കാണാതിരുന്നപ്പോള്‍ അവര്‍ വന്നിട്ട് യോഗം തുടങ്ങിയാല്‍ മതിയെന്ന് മുന്നണി ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടു. ആര്‍ എസ് പിയെ പ്രതീക്ഷിച്ചിരുന്നിട്ട് കാണാതായപ്പോള്‍ കണ്‍വീനര്‍ ഒന്നുകൂടി വിളിക്കണമെന്ന് അവിടെ അഭിപ്രായമുയര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വിളിച്ചപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടില്ലെന്ന മറുപടി ലഭിക്കുകയാണ് ഉണ്ടായത്. സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ആര്‍ എസ് പി പ്രതിനിധികളെ ഫോണില്‍ വിളിക്കുകയുണ്ടായി. സി പി ഐക്കുവേണ്ടിയാണ് വിളിക്കുന്നതെന്നും പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നും യോഗത്തില്‍ പങ്കെടുക്കണമെന്നും ആര്‍ എസ് പിക്കാരോട് അഭ്യര്‍ഥിച്ചെങ്കിലും സമയം കഴിഞ്ഞു പോയി എന്നാണ് മറുപടി നല്‍കിയത്. വസ്തുതകള്‍ ഇതായിരിക്കെ ഇടതുപക്ഷ ജനാധിപത്യമുന്നണി തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്നും ഒരു സീറ്റുപോലും തരില്ലെന്ന് നിലപാട് എടുത്തതുകൊണ്ടാണ് മുന്നണി വിട്ടത് എന്നുമുള്ള ചന്ദ്രചൂഢന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. രാഷ്ട്രീയ മര്യാദകളെ കാറ്റില്‍ പറത്തി യു ഡി എഫില്‍ ചേക്കേറാന്‍ സ്വീകരിച്ച നയം ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെ തെളിവാണ് വസ്തുതകള്‍ വളച്ചൊടിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നും വൈക്കംവിശ്വന്‍ പറഞ്ഞു.

Latest