Connect with us

Kollam

സ്റ്റേഷനിലെ കസ്റ്റഡിമരണം: രാജേന്ദ്രന് ക്രൂരമര്‍ദനമേറ്റെന്ന് പോലീസുകാരന്‍

Published

|

Last Updated

കൊല്ലം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി ലോക്കപ്പില്‍ മരിച്ച രാജേന്ദ്രനെ ക്രൈം സ്‌ക്വാഡ് ക്രൂരമായി മര്‍ദിച്ചതായി സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച് ഒ എസ് ഐ ബാബു കോടതിയില്‍ മൊഴി നല്‍കി. 2005 ഏപ്രില്‍ ആറിന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും മൊബൈല്‍ മോഷണം നടത്തിയ ഒരാളെ തടഞ്ഞുവെച്ചിരിക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതായി പോലീസ് കണ്‍ട്രോള്‍റൂം ടെലിഫോണ്‍ ഓപ്പറേറ്റര്‍ അഷ്ടമന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നു താന്‍ ഡ്യൂട്ടി ഓഫീസര്‍ അഹമ്മദ് കബീറിനെ വിവരം അറിയിക്കുകയും ഇയാളുടെ നിര്‍ദേശപ്രകാരം സ്‌ക്വാഡിനെ സംഭവ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു. കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരം ലഭിച്ച് ഉച്ചക്ക് 1.15ന് ആശുപത്രിയിലെത്തി രാജേന്ദ്രനെ കൂട്ടികൊണ്ടുവന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ ബാബുവിനെ ഏല്‍പ്പിച്ചതായി മൊബൈല്‍ സ്‌ക്വാഡ് എസ് ഐ സദാനന്ദന്‍ കോടതിയെ അറിയിച്ചു.
സ്ഥലത്ത് നിന്നും മൊബൈലും രാജേന്ദ്രന്റെ വസ്ത്രങ്ങളും ഐ ഡി കാര്‍ഡും ലഭിച്ചിരുന്നു. സ്‌റ്റേഷനിലെത്തിച്ച രാജേന്ദ്രനെതിരെ ഷാജഹാന്‍ എന്നൊരാള്‍ മൊബൈല്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തതായും എസ് ഐ ബാബു കോടതിയില്‍ മൊഴി നല്‍കി. ഉച്ചകഴിഞ്ഞ് 2.20ഓടെ ക്രൈം സ്‌ക്വാഡിലെ അംഗങ്ങളായ ജയകുമാറും വേണുഗോപാലും വന്ന് പ്രതിയെ പോലീസ് മ്യൂസിയത്തിന്റെ ഭാഗത്തേക്ക് ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുപോയെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
വൈകിട്ട് 6.30-ഓടെ ജി ഡി ചാര്‍ജുകാരനായ പവിഴസേനന്‍ സ്‌റ്റേഷന് പുറത്തുപോയ തന്നെ ഫോണില്‍ വിളിച്ച് അടിയന്തരമായി സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
സ്റ്റേഷനിലെത്തുമ്പോള്‍ സെല്ലില്‍ ഭിത്തിയോടു ചേര്‍ന്ന് കാലുനീട്ടി ഇരിക്കുന്ന നിലയിലായിരുന്നു രാജേന്ദ്രനെ കണ്ടത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍മാരായ മധു, സോമന്‍ എന്നിവരോടു രാജേന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാത്രി 7.30-ഓടെ സോമന്‍ ഫോണില്‍ വിളിച്ചാണ് രാജേന്ദ്രന്‍ മരിച്ചവിവരം അറിയിക്കുന്നത്.
ഇത്തരം കാര്യങ്ങളെല്ലാം ജി ഡിയില്‍ രേഖപ്പെടുത്തിയതായും എസ് ഐ കോടതിയെ അറിയിച്ചു. കോടതിയില്‍ ഇന്നും കേസില്‍ വാദം തുടരും. സംഭവദിവസം സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിക്കാരന്‍, പാറവുകാരന്‍ എന്നിവരെ വിസ്തരിക്കും.

Latest