പുകയില ഉത്പന്നങ്ങള്‍ സ്‌കൂളുകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ നിരോധിക്കും

Posted on: August 6, 2014 12:39 am | Last updated: August 6, 2014 at 12:39 am

തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളിലെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ നിയമ ഭേദഗതി കൊണ്ടുവരും. നിലവില്‍ നൂറ് മീറ്റര്‍ പരിധിയിലാണ് നിരോധനമുള്ളത്. ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണിത്. മദ്യം കൈവശം വെക്കാനുള്ള അളവില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് നിയമ ഭേദഗതി വരുത്താനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്, എക്‌സൈസ് യോഗത്തില്‍ തീരുമാനമായി. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് വ്യാജ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വരവ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും.

കഞ്ചാവും മദ്യവും ട്രെയിനുകള്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിയന്ത്രിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുമായി സഹകരിച്ച് ട്രെയിനുകളില്‍ പരിശോധന ശക്തമാക്കും. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപഭോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം നടത്തും. മുമ്പ് അബ്കാരി കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
നിലവില്‍ ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ലിന്‍ കാമ്പസ്, സേഫ് ക്യാമ്പസ് പദ്ധതിയില്‍ എക്‌സൈസ് വകുപ്പിനെയും പങ്കാളിയാക്കും. എക്‌സൈസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബുകളെ പദ്ധതിയുടെ ഭാഗമാക്കും. സ്‌കൂള്‍ കോളജ് തലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
എക്‌സൈസ് മന്ത്രി കെ ബാബു, ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിതാ പി ഹരന്‍, എ ഡി ജി പിമാരായ കൃഷ്ണമൂര്‍ത്തി, ഹേമചന്ദ്രന്‍, പത്മകുമാര്‍, അനന്തകൃഷ്ണന്‍, എക്‌സൈസ് കമ്മീഷ്ണര്‍ അനില്‍ സേവ്യര്‍, എന്‍ഫോഴ്‌സ്‌മെന്റ് അഡിഷനല്‍ ഡയറക്ടര്‍ രാധാകൃഷ്ണന്‍, ആഭ്യന്തര, എക്‌സൈസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.
അതേസമയം, സംസ്ഥാനത്ത് ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുന്നതു സംബന്ധിച്ച ആക്ടിലും ഭേദഗതി വരുത്തി. 2003-ലെ സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്‌സ് (പ്രൊഹിബിഷന്‍ ഓഫ് അഡ്വര്‍ടൈസ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ഓഫ് ട്രെയിഡ് ആന്‍ഡ് കൊമേഴ്‌സ്, പ്രൊഡക്ഷന്‍, സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍) ആക്ടിന്റെ 25-ാം വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെയോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥനെയോ അധികാരപ്പെടുത്തുന്നതിനാണ് ഭേദഗതി.
കേരളത്തിലേക്ക് കടത്തികൊണ്ടുവരുന്ന ഇത്തരം ഉത്പങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റുകളില്‍ ധാരാളം കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമം അനുശാസിക്കാത്തതിനാല്‍ പോലീസ് വകുപ്പിന് കൈമാറേണ്ട അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ആക്ടില്‍ ഭേദഗതി വരുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു. ഉത്തരവ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറി.