വൈദ്യുതി ബോര്‍ഡിന്റെ വനഭൂമി കൈമാറ്റം: വനം വകുപ്പ് നിയമോപദേശം തേടും

Posted on: August 6, 2014 12:33 am | Last updated: August 6, 2014 at 12:33 am

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ വിവിധ പദ്ധതി പ്രദേശങ്ങള്‍ക്കായി പാട്ടത്തിനു നല്‍കിയ 13,450 ഹെക്ടര്‍ വനഭൂമിയുടെ കൈമാറ്റം സംബന്ധിച്ച് വനം വകുപ്പ് നിയമോപദേശം തേടുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി വിധികള്‍, അടക്കമുള്ളവ നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വനംവകുപ്പ് നല്‍കിയ ഭൂമി ബോര്‍ഡിന്റെ കമ്പനിവല്‍ക്കരണം പൂര്‍ത്തിയായതോടെ ആസ്തി ബാധ്യതകള്‍ കൈമാറിയ ഇനത്തില്‍ കമ്പനിക്കു കൈമാറുകയായിരുന്നു. വനം വകുപ്പിനെ അറിയിക്കാതെയാണു ഭൂമി കൈമാറിയതെന്നും നഷ്ടപരിഹാരമായി ഹെക്ടറിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി നിലവിലുണ്ടെന്നും ഈ ഇനത്തില്‍ 1,450 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് വനം വകുപ്പ് കെ എസ് ഇ ബിക്ക് കത്തയച്ചിരുന്നു.