Connect with us

Ongoing News

കോഴിക്കോട് ബൈപാസ് നിര്‍മാണം അടുത്ത മാസം ഒന്നിന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് ബൈപാസിന്റെ നിര്‍മാണം അടുത്ത മാസം ഒന്നിന് തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ചെലവ് വഹിച്ച് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യത്തെ ദേശീയ പാതയാണ് കോഴിക്കോട് ബൈപ്പാസ്.
ദേശീയ പാതാ വികസന പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ നീളുന്നതിനാല്‍, സംസ്ഥാനത്ത് വളരെ അത്യാവശ്യമായ ബൈപാസ് എന്ന നിലയിലാണ് കോഴിക്കോട് ബൈപാസിന്റെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന “സ്പീഡ് കേരള പദ്ധതി”യില്‍ ഉള്‍പ്പെടുത്തിയാണ്ഇത് നിര്‍മിക്കുന്നത്. ദേശീയപാത 17ല്‍ വെങ്ങളം മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള 28.12 കി. മീറ്ററാണ് കോഴിക്കോട് ബൈപാസ്. വെങ്ങളത്തു നിന്നാരംഭിച്ച് കോഴിക്കോട് നഗരത്തിന്റെ കിഴക്കുഭാഗത്തു കൂടി ചേമഞ്ചേരി, തലക്കുളത്തൂര്‍, പൂളാടിക്കുന്ന് വേങ്ങേരി, നെല്ലിക്കോട്, കോട്ടൂളി, ഒളവണ്ണ, പന്തീരാങ്കാവ്, വാഴയൂര്‍, രാമനാട്ടുകര പഞ്ചായത്തുകളില്‍ കൂടി കടന്നു പോകുന്ന ബൈപാസിന്റെ ആകെ നീളമായ 28.124 കിലോമീറ്ററിലും 45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ പൂളാടിക്കുന്ന് മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള 23 കിലോമീറ്റര്‍ രണ്ട് വരി പാതയായി നിര്‍മിച്ചിട്ടുണ്ട്. അവശേഷിക്കുന്ന വെങ്ങളം മുതല്‍ പൂളാടിക്കുന്ന് വരെയുള്ള 5.1 കി. മീറ്റര്‍ ദൂരമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നിര്‍മിക്കുന്നത്.
ദേശീയ പാതാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് വരിപാതയായി വികസിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സ്ഥലമേറ്റെടുക്കല്‍ വൈകുന്നതിനാല്‍, ശേഷിക്കുന്ന 5.1 കിലോമീറ്റര്‍, 153 കോടി രൂപ ചെലവില്‍ രണ്ട് വരി പാതയായി സംസ്ഥാന സര്‍ക്കാര്‍തന്നെ നിര്‍മിക്കുന്നതിന് തയ്യാറാവുകയും, ആ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാറിന്റെ സമ്മതം ലഭിക്കുകയുമായിരുന്നു. ഈ പാതയുടെ അലൈന്‍മെന്റില്‍ അധികം വളവുകളും കയറ്റിറക്കങ്ങളും ഇല്ലായെങ്കിലും ഇതില്‍ രണ്ട് നദികള്‍ക്കു കുറുകെ രണ്ട് പാലങ്ങള്‍ ആവശ്യമാണ്. കോരപ്പുഴ പാലവും, പുറക്കാട്ടേരി പാലവും. കോരപ്പുഴ പാലത്തിന് ഏകദേശം 445 മീറ്റര്‍ നീളവും പുറക്കാട്ടേരി പാലത്തിന് 185 മീറ്റര്‍ നീളവും ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ റോഡിന്റെ ഭൂരിഭാഗവും നെല്‍വയലില്‍ കൂടി ആകയാല്‍ ക്രോസ് ഡ്രെയിനേജ് പണികള്‍ക്കും ചെലവ് കൂടും. കൂടാതെ എംബാങ്ക്‌മെന്റില്‍ കൂടി വേണം റോഡ് പണിയാന്‍. ഇതിനായി നടത്തിയ പഠനങ്ങളില്‍ ജിയോ ടെക്‌സ്റ്റൈലില്‍ പൊതിഞ്ഞ പ്രീഫാബ്രിക്കേറ്റഡ് വെര്‍ട്ടിക്കല്‍ ഡ്രെയിന്‍സ് ഉപയോഗിച്ച് മണ്ണ് ബലപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളുടെ സൗകര്യാര്‍ഥം പാലങ്ങള്‍ ഒഴികെയുള്ള ഭാഗത്ത് സര്‍വീസ് റോഡും മൈനര്‍ റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് അടിപ്പാതയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിനും തൊഴിലാളികള്‍ക്കും ഷെയറുള്ള ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായ ഊരാളുങ്കല്‍ (യു എല്‍ സിസി)യാണ് കോഴിക്കാട് ബൈപാസിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

 

Latest