‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ മലയാളത്തില്‍

Posted on: August 5, 2014 6:48 am | Last updated: August 5, 2014 at 10:55 am

thuhfathul mujahideenപയ്യന്നൂര്‍: കേരളത്തിന്റെ ആദ്യ ആധികാരിക ചരിത്ര ഗ്രന്ഥമായി കണക്കാക്കുന്ന ലോകപ്രശസ്ത അറബ് ഗ്രന്ഥമായ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ മലയാളത്തില്‍ മൊഴിമാറ്റിയെത്തുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ സാംസ്‌കാരിക സ്ഥാപനമായ നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ്‌സാണ് മലയാളം, ഹിന്ദിയുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്. തുഹ്ഫത്തുല്‍ മുജാഹിദീന്റെ മലയാളം പതിപ്പ് കേരളത്തിന്റെ ചരിത്ര നഗരിയായ ഏഴിമലയില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്.
16-ാം നൂറ്റാണ്ടില്‍ മലബാറില്‍ ജീവിച്ച പ്രമുഖ ചരിത്രകാരനും ഉന്നത മതപണ്ഡിതനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ അറബിയില്‍ രചിച്ച ഈ ഗ്രന്ഥം കേരളത്തിന്റെ ആദ്യത്തെ ചരിത്രഗ്രന്ഥമായാണ് പരിഗണിക്കപ്പെടുന്നത്.
വിദേശങ്ങളിലടക്കം 38 ഭാഷകളില്‍ ഇതിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തില്‍ അറബികള്‍ ഏഴിമലയെ വിളിച്ചുവന്നിരുന്ന ‘ഹീലി’ എന്ന പേര് അറബിയിലുള്ള ചരിത്രഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ ഇംഗ്ലീഷ് ഗ്രന്ഥത്തില്‍ രാമന്തളി വടക്കുമ്പാട്ടെ 17 ശുഹദാക്കളുടെ ചരിത്രവും വിവരിക്കുന്നുണ്ട്.
മലബാറിലെ മുസ്‌ലിംകളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയ ഈ ചരിത്രഗ്രന്ഥത്തില്‍ രാമന്തളി ‘ബല്ലാര്‍ഡ്’ എന്ന പ്രത്യേക അധ്യായത്തിലാണ് ഏഴിമലയെക്കുറിച്ചും 17 ശുഹദാക്കളെക്കുറിച്ചും വിവരിക്കുന്നത്.
പുസ്തകത്തിന്റെ പ്രകാശനകര്‍മം പുസ്തകത്തില്‍ വിവരിച്ച ഏഴിമലയുടെ താഴ്‌വരയിലുള്ള പോര്‍ച്ചുഗീസുകാരുമായി പോരാട്ടം നടന്ന പ്രദേശങ്ങളിലൊന്നായ രാമന്തളി വടക്കുമ്പാട്ട് ഈ മാസം ഏഴിന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.
പുസ്തകത്തിന്റെ അഖിലേന്ത്യാതലത്തിലുള്ള പ്രകാശനത്തിന് രാമന്തളി തിരഞ്ഞെടുത്തത് മുസ്‌ലിം പോരാട്ടങ്ങളുടെ ഏറ്റവും വളക്കൂറുള്ള മണ്ണ് എന്ന നിലയിലാണ്. എ ഡി 1524ല്‍ രാമന്തളിയില്‍ പോര്‍ച്ചുഗീസുകാരും സ്ഥലത്തെ മുസ്‌ലിം ചെറുപ്പക്കാരും തമ്മില്‍ പോരാട്ടം നടന്നിരുന്നു. ഇതില്‍ രക്തസാക്ഷിത്വം വഹിച്ച 17 ശുഹദാക്കളെക്കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇതാണ് പ്രകാശന കര്‍മത്തിനായി രാമന്തളി തന്നെ സംഘാടകര്‍ തിരഞ്ഞെടുക്കാന്‍ കാരണം. രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയാണ് നാഷണല്‍ മിഷ്യന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ്‌സിന് വേണ്ടി പ്രകാശന കര്‍മം സംഘടിപ്പിക്കുന്നത്.
പുസ്തകത്തിന്റെ പ്രകാശന കര്‍മം ഏഴിമല നാവിക അക്കാദമി വൈസ് അഡ്മിറല്‍ പി അജിത്ത്കുമാര്‍ നിര്‍വഹിക്കും. പുസ്തകത്തിന്റെ ജനറല്‍ എഡിറ്റര്‍ കൂടിയായ ഡോ. കെ കെ എന്‍ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. കെ പി മുഹ്‌യിദ്ദീന്‍ റജബ് ഹാജി അധ്യക്ഷത വഹിക്കും.