വീണ്ടും നാട്ടുകാര്‍

Posted on: August 5, 2014 10:41 am | Last updated: August 5, 2014 at 10:42 am

migrent workerകഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്ന് സ്വന്തം ലേഖകന്റെ ബൈലൈനില്‍ അച്ചടിക്കപ്പെട്ട, സംഭ്രമജനകമായ ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു. ‘മനുഷ്യക്കടത്തെന്ന് സംശയിച്ച് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞു.’ വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുമ്പ്, തലക്കെട്ടിലെ വിവിധ ഘടകങ്ങളെ ഒന്ന് നിര്‍ധാരണം ചെയ്യാം. മനുഷ്യക്കടത്ത്, സംശയം, അന്യസംസ്ഥാനം, തൊഴിലാളികള്‍, നാട്ടുകാര്‍, തടഞ്ഞു എന്നിങ്ങനെ ആറോളം ഘടകങ്ങള്‍ തലക്കെട്ടില്‍ നിന്ന് വേര്‍പെടുത്തിയെടുക്കാം. ഓരോന്നും നിര്‍വചിച്ചാല്‍ വായനക്കാരനും അവന്റെ ആഹ്ലാദവും’ഭീതിയും എവിടെ നിന്ന് തുടങ്ങി എവിടെയെത്തി എന്ന് തിരിച്ചറിയാനാകാത്ത വിധത്തില്‍ കുഴഞ്ഞു മറിയും. പിന്നെ അവയെ കൂട്ടിഘടിപ്പിക്കുമ്പോഴുണ്ടാകുന്ന പൊട്ടലും ചീറ്റലും പറയേണ്ടല്ലോ! ഇന്ത്യന്‍ ഭരണഘടനയും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ നിര്‍ദേശങ്ങളും അനുസരിച്ച് മനുഷ്യക്കടത്ത് എന്നത് എന്താണെന്ന് വ്യക്തമായ അറിവുള്ള ആളുകളാണ് കോഴിക്കോട്ടെ നാട്ടുകാരും അവരെ നാട്ടുകാരായി അംഗീകരിച്ച സ്വന്തം ലേഖകനും വാര്‍ത്ത ആഹ്ലാദത്തോടെ സ്വീകരിച്ച വായനക്കാരും എന്ന് കരുതാം. അതുകൊണ്ട് മനുഷ്യക്കടത്തിന്റെ വിശദാംശങ്ങളിലേക്ക് പോകേതില്ല. എന്താണ് മനുഷ്യക്കടത്തെന്ന് നിശ്ചയത്തോടു കൂടിയ ഉറപ്പുള്ളതു കൊണ്ട് പിന്നെ എങ്ങനെ സംശയം വരുന്നു എന്നറിയില്ല. അപ്പോള്‍ നാട്ടുകാര്‍ക്കും സ്വന്തം ലേഖകനും അത് മനുഷ്യക്കടത്താണെന്ന് ഉറപ്പില്ലായിരുന്നു എന്നു വരുന്നു. സ്വയം ഉറപ്പില്ലാത്ത കാര്യത്തില്‍, പൊതുസ്ഥലത്തു കൂടി സഞ്ചരിക്കുന്ന മനുഷ്യരെ തടഞ്ഞുവെക്കാനും പോലീസിലേല്‍പ്പിക്കാനും തയ്യാറായവര്‍ ചെയ്യുന്നത് കുറ്റമൊന്നുമല്ലേ? ഇത്തരം കുറ്റങ്ങള്‍, ഭരണഘടനയിലും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലും യു എന്‍ പ്രമാണത്തിലും പറഞ്ഞിട്ടില്ലേ? ഇതിന് ശിക്ഷയൊന്നുമില്ലേ? ഉണ്ടാകാന്‍ വഴിയില്ല. രാത്രിയില്‍ നാടകപരിശീലനത്തിനു പോയ നാടക പ്രവര്‍ത്തകയെ വളഞ്ഞിട്ടു പിടിക്കുകയും ആഭാസം പറയുകയും പോലീസ് സ്റ്റേഷനില്‍ കുത്തിയിരുത്തുകയും ഒപ്പം പെണ്‍വാണിഭക്കാരനെ എം എല്‍ എ ഹോസ്റ്റലില്‍ താമസിപ്പിച്ച് സംരക്ഷിക്കുകയും ചെയ്യുന്ന സദാചാരവാദികളുടെ നാടാണല്ലോ കേരളം!
അടുത്ത കാലത്ത്, വടക്കന്‍ കേരളത്തിലെ ചില യത്തീംഖാനകളില്‍ ചേര്‍ന്ന് പഠിക്കാനായി ഉത്തരേന്ത്യയില്‍ നിന്ന് വന്ന ദരിദ്രരായ ഏതാനും കുട്ടികളെയും രക്ഷിതാക്കളെയും യത്തീം ഖാന നടത്തിപ്പുകാരെയും ഗുരുതരമായ നിയമലംഘനം എന്ന പേരില്‍ കുറേ ദിവസം വേട്ടയാടുകയുണ്ടായി. അതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്ത് എന്ന പദം മലയാള മധ്യവര്‍ഗ പത്രവായനയുടെയും ചാനല്‍ ന്യൂസ് അവറിന്റെയും ആഹ്ലാദമായി മാറിയത്. ആ ആഹ്ലാദമാണ് ഈ വാര്‍ത്തയുടെയും അതിനു പിറകിലുള്ള സംഭവത്തിന്റെയും കാരണം എന്ന് ആലോചിച്ചാല്‍ ബോധ്യപ്പെടും. മുസ്‌ലിംകള്‍ ഏതാണ്ടെല്ലാവരും ഭീകരരോ അല്ലെങ്കില്‍ കുറ്റവാളികളോ അതുമല്ലെങ്കില്‍ നിയമലംഘകരോ ആണെന്ന് സ്ഥാപിച്ചെടുക്കാനുള്ള പൊതുബോധ, ആഹ്ലാദ നിര്‍മിതിയുടെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്തകളും അവക്കു പിറകിലെയും മുമ്പിലെയും സംഭവഗതികളും നിര്‍മിക്കപ്പെടുന്നത് എന്നതും വ്യക്തമാണ്.
അന്യസംസ്ഥാനത്തൊഴിലാളികള്‍ എന്ന പദവും അടുത്ത കാലത്തായി കേരളത്തില്‍ പല ആവശ്യങ്ങള്‍ക്കായി നിരന്തരം പ്രയോഗിച്ചു വരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നു; അന്യസംസ്ഥാനത്തൊഴിലാളികളില്‍ നിന്ന് മലയാളികള്‍ക്ക് രോഗം പിടിപെട്ടേക്കും എന്നൊക്കെ വാചകങ്ങള്‍ നിരത്തിയ വാര്‍ത്തകളും അടുത്ത ദിവസങ്ങളില്‍ കണ്ടതായോര്‍ക്കുന്നു. തെക്കെ ഇന്ത്യക്കാരെ മുഴുവന്‍ മദ്രാസികളായി കണ്ട് മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി, പിന്നെ തീവ്ര ഹിന്ദുത്വ ശക്തിയായി മാറിയവരും ഈ മലയാളി മനോഭാവവും തമ്മിലെന്താണ് വ്യത്യാസമുള്ളത്? അന്യം എന്നാല്‍, നമ്മളല്ലാത്തവര്‍ എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്. സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്ന ധീര വിപ്ലവകാരികളും നിസ്സങ്കോചം അന്യസംസ്ഥാനത്തൊഴിലാളി എന്ന പദസംയുക്തമിട്ട് വീശുന്നത് കാണാം. സാര്‍വദേശീയ തൊഴിലാളികളേ സംഘടിക്കുവിന്‍ എന്നാണ് വര്‍ഗബോധമുള്ളവര്‍ മുദ്രാവാക്യം മുഴക്കാറുള്ളത്. അത് വെറും മുദ്രാവാക്യമായി അന്തരീക്ഷത്തില്‍ തുപ്പലായി ബാഷ്പീകരിക്കാതിരിക്കണമെങ്കില്‍, അന്യസംസ്ഥാനത്തൊഴിലാളി എന്ന പാവം തൊഴിലാളിയെയും വര്‍ഗബോധത്തിലേക്ക് അണി ചേര്‍ക്കണം. അന്യസംസ്ഥാനം വിപരീതം സ്വന്തം സംസ്ഥാനം എന്ന വിഭജനം നൂറ് തരത്തിലും സ്വത്വ രാഷ്ട്രീയ പ്രകടനം ആണ്. തിരിച്ചറിയുന്നവര്‍ തിരിച്ചറിയട്ടെ. കേരളത്തിന്റെ അഭിമാനമായി മാറാന്‍ പോകുന്ന കൊച്ചി മെട്രോയിലെ നിര്‍മാണത്തൊഴിലാളികള്‍ക്ക് നാല് തരം കൂലിയാണ്. മലയാളി പുരുഷന്‍, മലയാളി സ്ത്രീ, മലയാളിയല്ലാത്ത പുരുഷന്‍, മലയാളിയല്ലാത്ത സ്ത്രീ എന്നതാണ് വേര്‍തിരിവ്. ഇതില്‍ സ്വത്വമെവിടെ വര്‍ഗമെവിടെ എന്ന് കണ്ടെത്തി സായൂജ്യമടയുവിന്‍ സഖാക്കളേ.
ഡല്‍ഹിയിലെ സംസ്ഥാന സദനില്‍ മോശം ചപ്പാത്തി സപ്ലൈ ചെയ്തതിന് നോമ്പെടുക്കുന്ന മുസ്‌ലിം മതസ്ഥനായ പരിചാരകന്റെ വായില്‍ ചപ്പാത്തി കുത്തിത്തിരുകിയ സാമാജികന്റെ സംഘത്തിന്റെ അതേ പ്രത്യയശാസ്ത്രമാണ് നാട്ടുകാര്‍ എന്ന നിര്‍മിതിക്കു പിറകിലുമുള്ളതെന്ന് കാണാം.
തെലങ്കാനയിലെന്താണ് സംഭവിക്കുന്നത്? തെലുഗൂ സംസാരിക്കുന്നവരാണെങ്കിലും ഹൈദരാബാദില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണെങ്കിലും സീമാന്ധ്രക്കാരനല്ലെന്ന് തെളിയിച്ചില്ലെങ്കില്‍ നാടുവിടണമെന്നാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ചരിത്രവും സംസ്‌കാരവും ഭാഷയും സാഹിത്യവും ഒന്നും പഠിക്കേെണ്ടന്നും ഐ ടിയും എന്‍ജിനീയറിംഗും മെഡിസിനും മാത്രം പഠിച്ചാല്‍ മതിയെന്നും കല്‍പ്പിച്ച മുഖ്യമന്ത്രി വാണിരുന്ന സംസ്ഥാന തലസ്ഥാനമായിരുന്നു ഹൈദരാബാദ്. ഇപ്പോഴും അദ്ദേഹം മുഖ്യമന്ത്രി ആണ്. പക്ഷേ, ഹൈദരാബാദിന്മേല്‍ അവകാശം പറയരുതെന്ന് മാത്രം. കുറച്ച് സമയം കൊടുത്തിട്ടുണ്ട.് അതിനകം പുതിയ തലസ്ഥാനം നിര്‍മിച്ചുകൊള്ളണം. സീമാന്ധ്രക്കാര്‍ക്കെതിരെ വാളോങ്ങി നില്‍ക്കുന്ന തെലങ്കാന സര്‍ക്കാര്‍ അംബാസഡറായി നിയമിച്ചത് പ്രശസ്ത ടെന്നീസ് കളിക്കാരി സാനിയ മിര്‍സയെയാണ്. അവര്‍ക്കും കുഴപ്പമാണ്. ഭര്‍ത്താവ് പാക്കിസ്ഥാനിയായതിനാല്‍ അവര്‍ പാക്കിസ്ഥാന്റെ മരുമകളാണെന്നും അവരെ അംഗീകരിക്കാനാകില്ലെന്നുമാണ് സംസ്ഥാനത്തെ ബി ജെ പിക്കാര്‍ പറയുന്നത്. രാജ്യം, രാജ്യസ്‌നേഹം, മതം, മതവിശ്വാസം, ഭാഷ എല്ലാം കുഴഞ്ഞു മറിയുകയാണ്.
ചോദ്യം ആവര്‍ത്തിക്കട്ടെ. ആരാണ് നാട്ടുകാര്‍? കോഴിക്കോട്ടെ മാത്രമല്ല, ഹൈദരാബാദിലെ, മഹാരാഷ്ട്രയിലെ, ഇന്ത്യയിലെ, തെലങ്കാനയിലെ, വയനാട്ടിലെ നാട്ടുകാര്‍ ആരാണ്. ആര്‍ക്കാണ് സഞ്ചാരസ്വാതന്ത്ര്യം ഉള്ളത്? സഊദിയില്‍ പോയ മലയാളി അനുഭവിച്ച നരകയാതനയാണ് ബെന്യാമിന്റെ ആടുജീവിതത്തിലുള്ളത്. ഡസന്‍ കണക്കിന് കോപ്പികള്‍ ഇറങ്ങിക്കഴിഞ്ഞു. കേരളത്തിലെത്തുന്ന ബംഗാളിയുടെയും ഒഡീഷക്കാരന്റെയും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരന്റെയും നരകയാതനകള്‍ കണ്ടില്ലെന്ന് നടിച്ച് നാം ചീറിപ്പായുകയാണ്, ആടുജീവിതം ചര്‍ച്ച ചെയ്യാന്‍. കഷ്ടം തന്നെ.
വെള്ളിയാഴ്ച രാവിലെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളെയാണ് റെയില്‍വേ സ്റ്റേഷനിലും പാളയത്തും നാട്ടുകാര്‍ തടഞ്ഞത് എന്നാണ് വാര്‍ത്ത അമിതാഹ്ലാദത്തോടെ വിശദീകരിക്കുന്നത്. തുടര്‍ന്ന് കസബ പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ സ്റ്റേഷനിലേക്ക് മാറ്റി. രേഖകള്‍ ഉള്ളതിനാല്‍ ഉച്ചയോടെ വിട്ടയച്ചു. ഏത് കമ്പനിയുടെ ഏത് ജോലിക്ക്, ഏതു സ്ഥലത്തു നിന്ന് ഏതു വണ്ടികള്‍ കയറിയും ഇറങ്ങിയും മാറിക്കയറിയും വീണ്ടും ഇറങ്ങിയും അവര്‍ കോഴിക്കോട്ടെത്തി എന്ന് വിശദീകരിക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘം കൂട്ടത്തോടെ പാളയം ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുന്നതിനിടെയാണ് ‘നാട്ടുകാര്‍’ തടഞ്ഞത് എന്നാണ് സ്വന്തം ലേഖകന്‍ വിശദീകരിക്കുന്നത്. ഈ നാട്ടുകാരുടെ സ്വന്തമായിരിക്കും ലേഖകന്‍ അല്ലേ! നാട്ടുകാരെ എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നറിയില്ല. പിടിക്കപ്പെട്ട ഹതഭാഗ്യരായ അന്യസംസ്ഥാനക്കാരുടെ രേഖകള്‍ നിശിതമായി പരിശോധിച്ചവര്‍, നാട്ടുകാര്‍ നാട്ടുകാരാണെന്ന് തെളിയിക്കുന്ന നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റോ പ്ലേസ് ഓഫ് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റോ റേഷന്‍ കാര്‍ഡോ ഇ-ആധാറോ പരിശോധിച്ചതായി വാര്‍ത്തയില്‍ പറയാത്ത സ്ഥിതിക്ക് അതൊന്നും നടന്നു കാണില്ല. കോഴിക്കാട്ട് വളരുകയും പഠിക്കുകയും നടക്കുകയും ചെയ്തതിന്റെ പേരില്‍ അഭിമാനിച്ചിരുന്നു ഈ ലേഖകന്‍. ഇപ്പോള്‍ കോഴിക്കോട്ടുകാരനായതിന്റെ പേരില്‍ അപമാനം കൊണ്ട് തല കുനിഞ്ഞു പാതാളത്തിലേക്ക് യാത്രയാകുന്നു. കോഴിക്കോട്ടെങ്ങാന്‍ നടന്നാല്‍ നാട്ടുകാരുടെ കൂട്ടത്തിലൊരാളാണെന്ന് തിരിച്ചറിഞ്ഞാലോ! അതിലും വലിയ അപമാനമുണ്ടോ!
ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈലിലും ആരാണ് നാട്ടുകാര്‍? ആരാണ് അന്യ രാജ്യക്കാര്‍? ആരാണ് അന്യ മതക്കാര്‍? ആര്‍ക്കാണ് ജീവിക്കാന്‍ അവകാശം? ആര്‍ക്കാണ് വധിക്കാന്‍ അവകാശം? ആര്‍ക്കാണ് കൊല്ലപ്പെടാന്‍ അവകാശം? രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ഇസ്‌റാഈലില്‍ ജൂതകുടിയേറ്റം വന്‍തോതില്‍ നടന്നത്. അവിടെ ആരാണ് ചപ്പാത്തി കുഴക്കുന്നത്? ആരാണത് തീറ്റിക്കുന്നത്? സംസ്‌കാരവും ഭാഷയും മതവും ജാതിയും വളരട്ടെ. സ്വന്തം മാത്രം. മറ്റുള്ളവരെ തുടച്ചുമാറ്റുക എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയെന്ന് മനസ്സിലാക്കാത്ത നേതൃത്വങ്ങള്‍, പത്രമാധ്യമങ്ങള്‍, ചര്‍ച്ചാവിലസിതര്‍, സാഹിത്യകാരന്മാര്‍, വായനക്കാര്‍, കാണികള്‍ – കേരളം ഇന്ത്യയെപ്പോലെയും ലോകത്തെപ്പോലെയും കേമം തന്നെയെന്നല്ലാതെ എന്തു പറയാന്‍!